secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന 1.21 ലക്ഷം ഫയലുകൾ തീർപ്പാക്കാനുള്ള തീവ്രയജ്ഞം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ റവന്യൂ വകുപ്പ് തുടങ്ങിയിടത്ത് തന്നെ .

കേരളത്തെ മുക്കിയ പ്രളയത്തിന്റെ ആദ്യവാർഷികത്തിൽ വീണ്ടുമെത്തിയ മഴക്കെടുതിയാണ് ഫയൽ തീർപ്പാക്കലിനെ പ്രതികൂലമായി ബാധിച്ചത്. റവന്യൂ വകുപ്പിലാണ് സെക്രട്ടേറിയറ്റിൽ ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത്- 17,​300 എണ്ണം.

ഫയലുകൾ തരംതിരിച്ച് റിപ്പോർട്ട് നൽകാൻ കീഴ്‌വകുപ്പുകളോട് നിർദ്ദേശിച്ചിരിക്കെയാണ് . മഴക്കെടുതി. തുടർന്ന് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന നടപടികൾ നിറുത്തിവയ്ക്കുകയും വില്ലേജ് ഓഫീസർമാരും തഹസിൽദാറുമാരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. തിരുവനന്തപുരം, കൊല്ലം,​ ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നിന്ന് റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. ജീവനക്കാർ തയ്യാറാക്കിയ ചുരുക്കം റിപ്പോർട്ടുകൾ തഹസിൽദാരുടെ അനുമതി ലഭിക്കാത്തതിനാൽ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാനുമായില്ല. ​ ഒക്ടോബർ 31 വരെ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് രണ്ട് മാസത്തെ സമയം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മിഷണർ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണുവിന് കത്ത് നൽകിയിട്ടുണ്ട്.

മഴയിൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് റവന്യൂ വകുപ്പ് പദ്ധതികൾ തയ്യാറാക്കുന്നതേയുള്ളൂ. ഇതിനായി വില്ലേജ് ഓഫീസർമാരും തഹസിൽദാറുമാരും റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. അതിനാൽ, സെക്രട്ടേറിയറ്റിൽ നിന്ന് ആവശ്യപ്പെട്ട റിപ്പോർട്ടുകൾ ലഭിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.