കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്കിൽ ആറോളം പേരെയും വളർത്തുമൃഗങ്ങളെയും കടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പേപ്പട്ടിയെ മുക്കടയ്ക്കു സമീപത്തുവച്ച് നാട്ടുകാർ തല്ലിക്കൊന്നു. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി പേപ്പട്ടിയിറങ്ങിയത്. ഡീസന്റ്മുക്ക് ഷോജ മൻസിലിൽ റാഫി, തൻസീർ മൻസിലിൽ ജാഫർ, കമലാനിവാസിൽ രാജൻ, കോളനിമുക്കിലെ റബർ തൊഴിലാളികളായ വിജയൻ, രാജു, തമ്പി എന്നിവർക്കാണ് കടിയേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൂടാതെ പേപ്പട്ടി കടന്നു പോയ സ്ഥലങ്ങളിലെ വീടുകളിലെ വളർത്തുനായ്ക്കളെയും തെരുവുനായ്ക്കളെയും കടിച്ചത് നാട്ടിൽ ഭീതി പടർത്തിയിട്ടുണ്ട്. തുടർന്ന് കപ്പാംവിള ഭാഗത്തേക്ക് പാഞ്ഞുപോയ പേപ്പട്ടിയെ നാട്ടുകാർ പിന്തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു. ഡീസന്റ്മുക്ക്, മുക്കുകട, നാവായിക്കുളം മേഖലകളിൽ മാലിന്യം തള്ളുന്നതായി ബന്ധപ്പെട്ടുള്ള പരാതി നിരവധി തവണ നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നാവായിക്കുളം സ്‌കൂൾ പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. മാലിന്യം തള്ളൽ വ്യാപകമായതോടെയാണ് നായ്ക്കൾ പെരുകിയത്. നാവായിക്കുളം ഇരുപത്തെട്ടാം മൈൽ ചന്തയിൽ അടുത്തിടെ പേപ്പട്ടിയിറങ്ങി മൂന്നു പേരെ കടിച്ചിരുന്നു. സംഭവം തുടർകഥയായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട് .