1

നേമം: യാത്രക്കാരുമായി പോയ ആട്ടോ ബൈക്കുമായി കൂട്ടിയിടിച്ച ശേഷം തലകീഴായി മറിഞ്ഞ് സമീപത്തുളള ചാനലിൽ വീണു. തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ആട്ടോ ഡ്രൈവറും യാത്രികരും നിസാര പരിക്കുകളേടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെ ഊക്കോട് ശിവക്ഷേത്രത്തിനു സമീപത്തെ വളവിലായിരുന്നു അപകടം. ആട്ടോ ഡ്രൈവറും കല്ലിയൂർ സ്വദേശിയുമായ മോഹനനെ (56) തലയ്ക്ക് നിസാര പരിക്കുകളോടെ നേമം ശാന്തിവിള താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കാഷ്യർ സിനോജും ഇദ്ദേഹത്തിന്റെ 8 വയസുളള മകളുമാണ് ആട്ടോയിൽ യാത്ര ചെയ്തിരുന്നത്. ഇവർക്ക് നിസാര പരിക്കേറ്റു. ബൈക്ക് വന്നത് ആട്ടോ ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡിലെ വളവിലുണ്ടായ അപകടത്തിൽ ആട്ടോ തലകീഴായി മറിഞ്ഞ ശേഷം സമീപത്തുളള ചാനലിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻ വശം തകർന്നു. അപകടം നടന്ന ഉടൻ നേമം പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.