കാട്ടാക്കട: ഇനി കനനഭംഗി ആസ്വദിച്ച് ജലാശയത്തിലൂടെ സവാരി നടത്തണമെങ്കിൽ കോട്ടൂർ കാപ്പുകാട്ടേയ്ക്ക് വരൂ, ഇപ്പോൾ നെയ്യാർ ജലാശയത്തിൽ ചങ്ങാട യാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. എല്ലാ വർഷവും ഓണക്കാലത്ത് നെയ്യാർ ഡാമിന്റെ റിസർവ്വോയറിൽ കാപ്പുകാട്ട് ജലയാത്ര വനംവകുപ്പ് തയാറെടുക്കുകയാണ്. രണ്ടുപേർക്കു സഞ്ചരിക്കാവുന്ന പെഡൽ ബോട്ടും, നാല് മുതൽ പത്തിലധികം പേരുമായി സഞ്ചരിക്കാവുന്ന യന്ത്ര ബോട്ടും ഒക്കെ സഞ്ചാരികൾക്കു വേണ്ടി ഉണ്ടെങ്കിലും, കാട്ടു മുളയിൽ തീർത്ത ചങ്ങാടത്തിലെ യാത്രയാണ് ഏറെ അസ്വാദ്യകരമെന്ന് സഞ്ചാരികൾ പറയുന്നു. ഒരാൾക്ക് നൂറ് രൂപ നൽകിയാൽ അരമണിക്കൂർ നേരം ജലാശയത്തിലൂടെ മെല്ലെ ഒഴുകി കാടിന്റെ വശ്യ മനോഹാരിത ആസ്വദിക്കാൻ കഴിയും. ചങ്ങാടത്തിൽ തുഴക്കാരൻ ഉൾപ്പടെ കുട്ടികൾക്കും, മുതിർന്നവർക്കുമായി പതിമൂന്നോളം പേർക്ക് ഒരേ സമയം യാത്ര നടത്താം.
20 ദിവസത്തോളം എടുത്താണ് നാലോളം പേർ കാട്ടുമുളകൾ ശേഖരിച്ചു കൃത്യമായ അളവിലും ആകൃതിയിലും ചങ്ങാടം നിർമ്മിക്കുന്നത്. പത്തടിയോളം നീളമുള്ള 42 മുളകൾ രണ്ടു തട്ടായി കയർ കൊണ്ട് വരിഞ്ഞാണ് അടിസ്ഥാനം ബലപ്പെടുത്തിയിട്ടുള്ളത്. ഇതിനു മുകളിൽ ഇരുവശവും യാത്രക്കാർക്ക് ഇരിക്കുവാനായുള്ള ഇരിപ്പിടങ്ങളും ഒരു വശത്തു തുഴക്കാരനുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. രണ്ട് ചങ്ങാടങ്ങൾ 80 ശതമാനത്തോളം നിർമ്മാണ ജോലികൾ പൂർത്തിയായി. മറ്റു ബോട്ടുകളെ അപേക്ഷിച്ച് പ്രായം ചെന്നവർക്കും കുട്ടികൾക്കും ഏറെ സൗകര്യമാണ് ചങ്ങാടത്തിൽ യാത്ര. കരയിൽ നിന്നും അധികം ആയാസമില്ലാതെ ഇവർക്ക് കയറാനാകും എന്നതാണ് എടുത്തുപറയേണ്ട സൗകര്യം. എല്ലാ വർഷവും ഓണത്തോടു അനുബന്ധിച്ചാണ് കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ട്രക്കിങ്ങിനും, ആനകളെ അടുത്തറിയുന്നതിനൊപ്പം ജലാശയത്തിലൂടെയുള്ള യാത്ര ഒരുക്കുന്നത്. ഈ വർഷത്തെ ഓണത്തിനും കോട്ടൂർ കാപ്പുകാട്ട് എത്തുന്ന സഞ്ചാരികൾക്ക് ഏറെ ആകർഷകമാകും ചങ്ങാട യാത്ര.