കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിൽ വയോധികരടെ ക്ഷേമത്തിനായി നിർമ്മിച്ച പകൽ വീടിന് താഴ്‌വീണിട്ട് വർഷങ്ങളായി. ഇതുവരെ തുറന്നുപ്രവർത്തിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഉപയോഗശൂന്യമായ കെട്ടിടം ആർക്കും വേണ്ടാതെ ജീർണിച്ച് കിടക്കുകയാണ്. 2000 -2005 വർഷത്തിൽ പഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. കുറച്ച് ദിവസം മാത്രം പ്രവർത്തിച്ചെങ്കിലും മേൽനോട്ടത്തിന്റെ അഭാവത്തിൽ വൃദ്ധസദനം പ്രവർത്തനം നിലച്ചു. 60 വയസിനുമേൽ പ്രായമുള്ള വയോധികർക്ക് ആശയവിനിമയം, ചർച്ചകൾ, ആരോഗ്യ സംബന്ധമായ പരിപാടികൾ സംഘടിപ്പിക്കാൽ എന്നിവ ഉദ്ദേശിച്ച് നിർമ്മിച്ചതാണ് കെട്ടിടം. പഞ്ചായത്തിലെ പി.എച്ച.സിയുമായി സഹകരിച്ച് ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പി.എച്ച്.സിയുമായി സഹകരിച്ച് ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനിച്ചെങ്കിലും പി.എച്ച്.സിക്ക് താത്പര്യമില്ലാതിരുന്നതിനാൽ ആതും മുടങ്ങി.
പള്ളിച്ചൽ മാർക്കറ്റിനോട് ചേർന്നാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആദ്യകാലത്ത് വയോധികർ വന്നുപോകുമെങ്കിലും പിന്നീട് മാർക്കറ്റിൽ എത്തുന്നവരുടെയും വിശ്രമകേന്ദ്രമായി മാറി ഈ പകൽവീട്. പിന്നീടത് സാമൂഹിക വിരുദ്ധരുടെയും താവളമായതോടെ കെട്ടിടം അടച്ചിട്ടു. അടുക്കും ചിട്ടയോടും കൂടി ഇതിന്റെ പ്രവർത്തനം നടത്താൻ പഞ്ചായത്തിന് കവിയാതെവന്നതും ഇതിന് കാരണമായി. പിന്നീട് കുറച്ചുകാലം കുടുംബശ്രീ സി ഡി എസ് ഓഫീസായി പ്രവർത്തിച്ചിരുന്നു. എതിർപ്പുകൾ വന്നതോടെ അതും അവസാനിച്ചു. ഇപ്പോൾ പൂർണ്ണമായും അടഞ്ഞ നിലയിലാണ്. എന്നാൽ പുതിയ ഭരണ സമിതി അധികാരമേറ്റതോടെ കെട്ടിടം വായനശാലയാക്കി പ്രവർത്തിപ്പിക്കാൻ ആലോചിച്ചെങ്കിലും അതും നടപ്പായില്ല.