psc

തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ ക്രൈംബ്രാഞ്ച് കസ്​റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. യൂണിവേഴ്‌സി​റ്റി കോളേജിലെ കുത്തു കേസുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ ഇരുവരും പൂജപ്പുര സെൻട്രൽ ജയിലിലാണ്.

പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരുടെയും അറസ്​റ്റ് ക്രൈംബ്രാഞ്ച് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇരുവരും കു​റ്റം സമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അറസ്​റ്റു രേഖപ്പെടുത്തുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മ​റ്റുമായാണ് കസ്​റ്റഡിയിൽ വാങ്ങുന്നത്. കേസിലെ നാലാം പ്രതിയായ സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷമാകും ഇരുവരെയും കസ്​റ്റഡിയിൽ വാങ്ങുകയെന്നാണ് വിവരം.
പ്രതികൾക്ക് ഉത്തരങ്ങൾ ലഭ്യമാക്കിയെന്ന് കരുതുന്ന കല്ലറ സ്വദേശി സഫീർ, എസ്.എ.പിയിലെ കോൺസ്റ്റബിൾ ഗോകുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്.