ben-stokes
ben stokes

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിന് അവിസ്മരണീയ വിജയം നൽകിയ ഇന്നിംഗ്സിലൂടെ ബെൻ സ്റ്റോക്‌സ് വീണ്ടും വാഴ്ത്തപ്പെടുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ആസ്ട്രേലിയ നൽകിയ 359 റൺസിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഇംഗ്ളണ്ട് നേടിയെടുക്കുമ്പോൾ അഞ്ചര മണിക്കൂറോളം ക്രീസിൽ പിടിച്ചുനിന്ന് പുറത്താകാതെ 135 റൺസ് നേടിയ സ്റ്റോക്‌സ് ഇംഗ്ളീഷ് ക്രിക്കറ്റിലെ ബിഗ് ബെൻ ആയി മാറുകയായിരുന്നു. ഏകദിന ലോകകപ്പിലെ പ്ളേയർ ഒഫ് ദ ഫൈനലായി ഇംഗ്ളണ്ടിന് കിരീടം സമ്മാനിച്ച ഇൗ 28 കാരന്റെ ഇന്നിംഗ്സിനെ നിരവധി പേരാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചതെന്ന് വാഴ്ത്തിയത്.

. ഹെഡ്‌ഡിംഗ്ലിയിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ നേടിയത് 179 റൺസ് ഇതിനെതിരെ ഇംഗ്ളണ്ട് 67 റൺസിന് ആൾ ഒൗട്ടായതോടെ വലിയൊരു തോൽവി മുന്നിൽക്കണ്ടു.

. രണ്ടാം ഇന്നിംഗ്സിൽ ആസ്ട്രേലിയ 246ന് ആൾ ഒൗട്ടായതോടെ ഇംഗ്ളണ്ടിന് ലക്ഷ്യം 359 റൺസ്.

. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പാണ് ഇംഗ്ളണ്ട് ചേസിംഗ് തുടങ്ങുന്നത്. 141/3 എന്ന നിലയിലെത്തിയപ്പോഴാണ് ജോ ഡെൻലിക്ക് പകരം സ്റ്റോക്സ് ക്രീസിലെത്തുന്നത്.

. തുടർന്ന് ക്യാപ്ടൻ ജോറൂട്ടിനൊപ്പം നാലാം വിക്കറ്റിൽ 18 റൺസ് കൂട്ടിച്ചേർത്തു.

നാലാം ദിനം റൂട്ട് പുറത്തായപ്പോഴെത്തിയ ബെയർ സ്റ്റോയ്‌ക്കൊപ്പം 86 റൺസ് കൂട്ടിച്ചേർത്തതോടെ ഇംഗ്ളണ്ടിന് വിജയപ്രതീക്ഷ മുളച്ചു.

. എന്നാൽ നാലാംദിനം ലഞ്ചിനുശേഷം ബെയർ സ്റ്റോ (36), ബട്ട്‌ലർ (1), വോക്സ് (1), ആർച്ചർ (15), ബ്രോഡ് (0) എന്നിവർ പുറത്തായതോടെ ഇംഗ്ളണ്ട് 286/9 എന്ന നിലയിൽ.

. 11-ാമനായി ജാക്ക് ലീച്ച് കൂട്ടിനെത്തുമ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത് 73 റൺസ്.

. തുടർന്നുള്ള 10 ഒാവറുകളിൽ കണ്ടത് സ്റ്റോക്‌സിന്റെ ഹീറോയിസം. ഒരുമണിക്കൂറോളം ക്രീസിൽ നിന്ന് ലീച്ചിന് നേരിടാൻ നൽകിയത് 17 പന്തുകൾ മാത്രം. ലീച്ച് നേടിയത് ഒരേയൊരു റൺസും. 10-ാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 76 റൺസും.

. ഒടുവിൽ കമ്മിൻസിനെ ബൗണ്ടറി പായിച്ച് അ‌ത്‌ഭുതമെന്ന് കരുതിയ വിജയത്തിലേക്ക്.

. മൂന്നാം ടെസ്റ്റിലെ വിജയം മാത്രമല്ല ബെൻ സ്റ്റോക്‌സ് ആസ്ട്രേലിയയിൽ നിന്ന് പിടിച്ചുവാങ്ങിയത്, 2001ന് ശേഷം ഇംഗ്ളീഷ് മണ്ണിൽ ആഷസ് കിരീടം നിലനിറുത്താനുള്ള അവസരം കൂടിയാണ്. ഇൗ വിജയത്തോടെ ഇംഗ്ളണ്ട് അഞ്ച് മത്സര പരമ്പര 1-1ന് സമനിലയിലെത്തിച്ചു. ഇനി ശേഷിക്കുന്നത് രണ്ട് ടെസ്റ്റുകൾ.

. 1981 ലെ ആഷസ് പരമ്പരയിൽ ഇയാൻ ബോതം ഒറ്റയാൻ ആൾ റൗണ്ട് പ്രകടനത്തിലൂടെ ഇംഗ്ളണ്ടിനെ തോൽവിയിൽ നിന്ന് രക്ഷിച്ചതിന് സമാനമാണ് ബെൻ സ്റ്റോക്‌സിന്റെ ഇന്നിംഗ്സെന്ന് നിരൂപകർ വിലയിരുത്തുന്നു.

.ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്നപ്പോൾ സ്റ്റോക്‌സിനെ റൺ ഒൗട്ടാക്കാൻ ലഭിച്ച ചാൻസ് മാർക്കസ് ഹാരിസും നഥാൻ ലിയോണും ചേർന്ന് പാഴാക്കി.

. തൊട്ടടുത്ത പന്തിൽ നഥാൻ ലിയോണിന്റെ എൽ.ബി അപ്പീൽ അമ്പയർ നിരസിച്ചു. തൊട്ടുമുൻപത്തെ ഒാവറിൽ ആസ്ട്രേലിയ ഒട്ടും ഉറപ്പില്ലാത്ത അപ്പീലിന് ഡി.ആർ.എസ് വിളിച്ച് പരാജയപ്പെട്ടതോടെ റിവ്യു അവസരം അവസാനിച്ചിരുന്നു. ലിയോണിന്റെ പന്തിൽ ബെൻ ഒൗട്ടായിരുന്നുവെന്ന് റിപ്ളേയിൽ തെളിഞ്ഞപ്പോഴാണ് ഒാസീസ് ക്യാപ്ടൻ ടിം പെയ്‌നിന് തന്റെ തീരുമാനത്തിന് കൊടുക്കേണ്ട വില മനസിലായത്.

135 നോട്ടൗട്ട്

330 മിനിട്ട്

219 പന്തുകൾ

11 ഫോർ

8 സിക്‌സ്

84 നോട്ടൗട്ട്

ന്യൂസിലൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ സ്റ്റോക്‌സ് പുറത്താകാതെ നേടിയ 84 റൺസാണ് മത്സരം ടൈയിലേക്കും പിന്നെ സൂപ്പർ ഒാവറിലേക്കും നീട്ടിയത്. സൂപ്പർ ഒാവറിലും ബാറ്റ് ചെയ്തത് സ്റ്റോക്സ് തന്നെ.

ടെസ്റ്റാണ് ക്രിക്കറ്റിലെ ഏറ്റവും ആസ്വാദ്യകരമായ ഫോർമാറ്റെന്ന് ബെൻ സ്റ്റോക്സിന്റെ ഇന്നിംഗ്സ് തെളിയിച്ചു. ഏറെക്കാലം ഇൗ ഇന്നിംഗ്സിനെക്കുറിച്ച് ആരാധകർ ചർച്ച ചെയ്യും. ഇനിയും പോരാട്ടം തുടരുക ബെൻ.

സച്ചിൻ ടെൻഡുൽക്കർ