india-windies-test
india windies test

ആദ്യ ടെസ്റ്റിൽ ഇന്ത്യ 318 റൺസിന്

വെസ്റ്റ് ഇൻഡീസിനെ കീഴടക്കി

വിദേശ മണ്ണിൽ റൺ മാർജിനിലെ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം

ആന്റിഗ്വ : കരീബിയൻ മണ്ണിൽ ട്വന്റി 20 കൾക്കും ഏകദിനങ്ങൾക്കും പിന്നാലെ ടെസ്റ്റിലും വെന്നിക്കൊടി പാറിച്ച് വിരാട് കൊഹ്‌ലിയും സംഘവും. കഴിഞ്ഞദിവസം ആന്റിഗ്വയിൽ സമാപിച്ച രണ്ട് മത്സര പരമ്പരയിലെ ആദ്യടെസ്റ്റിൽ ഇന്ത്യ ആതിഥേയരെ ചുരുട്ടിക്കൂട്ടിയത് 318 റൺസിനാണ്. വിദേശമണ്ണിലെ ഇന്ത്യയുടെ റൺ മാർജിനിലെ ഏറ്റവും വലിയ വിജയമായി ഇൗ നേട്ടം ചരിത്രത്തിലെഴുതപ്പെടുകയും ചെയ്തു.

ആന്റിഗ്വയിൽ നാലാം ദിവസം രാവിലെ രണ്ടാം ഇന്നിംഗ്സ് 343/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത ഇന്ത്യ 419 റൺസ് ലക്ഷ്യവുമായി വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയപ്പോഴേ സന്ദർശകർക്ക് വിജയമുറപ്പായിരുന്നു. എന്നാൽ പൊരുതിനിൽക്കാൻ ഒരു ശ്രമം നടത്താതിരുന്ന വിൻഡീസ് വെറും 100 റൺസിൽ ആൾ ഒൗട്ടായതോടെ ഇന്ത്യയുടെ വിജയം വിശ്വത്തോളമുയർന്നു.

ഏഴ് റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ പിഴുതെടുത്ത ജസ്‌‌പ്രീത് ബുംറയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഇശാന്ത് ശർമ്മയും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷമിയും ചേർന്നാണ് ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയമൊരുക്കിയത്. ആദ്യ ഇന്നിംഗ്സിൽ 81 റൺസും രണ്ടാം ഇന്നിംഗ്സിൽ 102 റൺസും നേടിയ ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെയാണ് മാൻ ഒഫ് ദ മാച്ച്.

പേസർമാരെ കണക്കറ്റ് പിന്തുണയ്ക്കുന്ന പിച്ചൊരുക്കിയ ആന്റിഗ്വയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയത് 297 റൺസായിരുന്നു. 25/3 എന്ന നിലയിൽ നിന്ന് മാന്യമായ സ്കോറിലേക്ക് എത്തിച്ചത് രഹാനെയ്ക്കൊപ്പം കെ.എൽ. രാഹുൽ (42), ഹനുമ വിഹാരി (32), ഋഷഭ് പന്ത് (25), ജഡേജ (58), ഇശാന്ത് എന്നിവരുടെ ഇന്നിംഗ്സുകളായിരുന്നു. മറുപടിക്കിറങ്ങിയ വിൻഡീസിനെ ഇശാന്തും ഷമിയും ജഡേജയും ചേർന്ന് 222 റൺസിൽ ഒതുക്കിയതോടെ ഇന്ത്യയ്ക്ക് 75 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡായി.

ബുംറ അഞ്ച് വിക്കറ്റുകളും

ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ രാഹുൽ (38), മായാങ്ക് (16), പുജാര (25), കൊഹ്‌ലി (51),

രഹാനെ.....................)​ ,

വിഹാരി (93) പന്ത് (7), എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോഴാണ് ഇന്ത്യ 418 റൺസ് ലീഡിൽ ഡിക്ളയർ ചെയ്തത്.

വമ്പൻ ലക്ഷ്യം തേടിയിറങ്ങിയ വിൻഡീസിനെ ബുംറയും ഇശാന്തും ചേർന്ന് കശാപ്പ് ചെയ്യുന്നതാണ് പിന്നീട് കണ്ടത്. കണ്ണടച്ചുതുറക്കുന്നതിന് മുമ്പാണ് അഞ്ച് വിൻഡീസ് ബാറ്റ്സ്മാൻമാർ നിരനിരയായി പവലിയനിലെത്തിയത്. ബ്രാത്ത് വെയ്‌റ്റിനെ (1) പുറത്താക്കി ബുംറയാണ് വേട്ട തുടങ്ങിയത്. കാംപ്‌ബെലിനെയും (7) ബുംറ മടക്കിഅയച്ചു. തുടർന്ന് ഇശാന്ത് ബ്രൂക്ക്‌സിനെയും (2) ഹെഡ്മേയറേയും (1) പുറത്താക്കി. എട്ടാം ഒാവറിൽ ബുംറ ഡാരൻ ബ്രാവോയുടെ കുറ്റി തെറുപ്പിച്ചതോടെ വിൻഡീസ് 15/5 എന്ന ദാരുണ നിലയിലായി. ചായയ്ക്കുശേഷം ഷായ്‌ഹോപ്പിനെയും (2), ക്യാപ്ടൻ ഹോൾഡറെയും (8) ക്ളീൻ ബൗൾഡാക്കിയ ബുംറ 37/7 എന്ന നിലയിലേക്ക് ആതിഥേയരെ നിലം പതിപ്പിച്ചു.

എട്ടാമൻ കെമർറോഷ് 38 റൺസ് നേടിയതോടെയാണ് 100 റൺസിലെങ്കിലുമെത്താൻ വിൻഡീസിന് കഴിഞ്ഞത്. അവസാന വിക്കറ്റിൽ കമ്മിൻസിനൊപ്പം (19) റോഷ് കൂട്ടിച്ചേർത്ത 50 റൺസായിരുന്നു വിൻഡീസിന്റെ ഏറ്റവും മികച്ച പാർട്ട്ണർ ഷിപ്പ്.

രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച ജമൈക്കയിൽ തുടങ്ങും.

വിൻഡീസ് വിക്കറ്റ് വീഴ്ച ഇങ്ങനെ

1-7

2-10

3-10

4-13

5-15

6-27

7-37

8-50

9-50

10-50

വൻകരകൾ കീഴടക്കി ബുംറ

ദക്ഷിണാഫ്രിക്ക , ഇംഗ്ളണ്ട്, ആസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകൾക്കെതിരെയെല്ലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറാണ് ജസ്‌പ്രീത് ബുംറ.

5-7

ഏറ്റവും കുറച്ച് റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറായും ബുംറ ചരിത്രം കുറിച്ചു.

12

വിദേശമണ്ണിൽ നായകനായി വിരാട് കൊഹ്‌ലിയുടെ 12-ാം ടെസ്റ്റ് വിജയമാണിത്. 11 ടെസ്റ്റുകളിൽ വിജയം നൽകിയ സൗരവ് ഗാംഗുലിയുടെ റെക്കാഡ് കൊഹ്‌ലി മറികടന്നു.

28 വിദേശ ടെസ്റ്റുകളിൽ നിന്നാണ് ഗാംഗുലി 11വിജയങ്ങൾ നേടിയത്.

കൊഹ്‌ലിയുടെ നേട്ടം 26-ാമത്തെ ടെസ്റ്റിൽ

27

ക്യാപ്ടനെന്ന നിലയിൽ കൊഹ്‌ലിയുടെ 27-ാമത്തെ ടെസ്റ്റ് വിജയമാണിത്. ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്ടനെന്ന ധോണിയുടെ റെക്കാഡിനൊപ്പമെത്തി.

10

അജിങ്ക്യ രഹാനെയുടെ 10-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്

18

മത്സരങ്ങൾക്ക് ശേഷമാണ് രഹാനെ ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്.

ആദ്യ ഇന്നിംഗ്സിൽ 81 റൺസും നേടിയ രഹാനെയാണ് മാൻ ഒഫ് ദ മാച്ച്.

318

ടെസ്റ്റ് ക്രിക്കറ്റിൽ റൺ മാർജിനിലെ (സ്വദേശത്തും വിദേശത്തും) ഏറ്റവും വലിയ നാലാമത്തെ വിജയമാണ് ആന്റിഗ്വയിൽ നേടിയത്.

2015-16 സീസണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 337 റൺസിന്റേതാണ് ഏറ്റവും വലിയ വിജയം.

60

ഇൗ വിജയത്തോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 60 പോയിന്റുകൾ ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ മാത്രമുള്ള പരമ്പരയിലെ ഒാരോ വിജയത്തിനും 60 പോയിന്റാണ്. ഇന്ത്യയാണ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത്. ന്യൂസിലൻഡ് (60), ശ്രീലങ്ക (60) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആസ്ട്രേലിയയ്ക്കും ഇംഗ്ളണ്ടിനും 32 പോയിന്റ് വീതമുണ്ട്.

ഇത് ഇന്ത്യയുടെ ടീം എഫർട്ടിന്റെ വിജയമാണ്. ഞാനാണ് തീരുമാനങ്ങളെടുക്കുന്നതെങ്കിലും അത് നടപ്പാക്കുന്നത് കൂട്ടായാണ്. ഞങ്ങൾ ഇൗ കൂട്ടായ്മ ഇഷ്ടപ്പെടുന്നു. അത് തന്നെയാണ് വിജയമന്ത്രവും. വിജയത്തിന്റെ വലിയ മാർജിൻ ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ തെളിവാണ്.

വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്യാപ്ടൻ