01

ശ്രീകാര്യം : ഓട്ടിസം ബാധിച്ച മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ അദ്ധ്യാപകനെ അറസ്റ്റുചെയ്തു. ശ്രീകാര്യം സ്വദേശിയായ സന്തോഷ് (50) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 27നാണ് കുട്ടിയുടെ വീട്ടുകാർ സംഭവം അറിയുന്നത്. ഏറെ നാളായി തുടർന്ന പീഡനം കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തിലൂടെയാണ് വീട്ടുകാർ മനസിലാക്കിയത്. തുടർന്ന് തെളിവുകൾ സഹിതം മാതാപിതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. അദ്ധ്യാപകനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഇയാൾ ഒളിവിൽ പോയി. തുടർന്ന് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെങ്കിലും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന അഭിപ്രായത്തെത്തുടർന്ന് വിദഗ്ദ്ധ സമിതി രൂപീകരിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. റിപ്പോർട്ടിൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടും അദ്ധ്യാപകനെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് വിമർശനത്തിനിടയാക്കി. ഇതിനിടെ ഒളിവിലായിരുന്ന അദ്ധ്യാപകൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. അദ്ധ്യാപകനെ അറസ്റ്റു ചെയ്യാത്തതിൽ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റു ചെയ്തത്. എന്നാൽ പീഡനവിവരം കുട്ടി ആദ്യം ക്ലാസ് ടീച്ചറോട് പറഞ്ഞെങ്കിലും ക്ലാസ് ടീച്ചർ ബോധപൂർവം മറച്ചു വച്ചു എന്ന മൊഴിയിൽ നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായി ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

ക്യാപ്‌ഷൻ: അറസ്റ്റിലായ അദ്ധ്യാപകൻ സന്തോഷ്