kiwis-test-victory
kiwis test victory

. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് അപ്രതീക്ഷിത വിജയം

. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 122 ന് ആൾ ഒൗട്ട്

. പരമ്പര 1-1ന് സമനിലയിൽ

കൊളംബോ: മഴയുടെ കളി കാരണം സമനിലയിലേക്കെന്ന് എഴുതിത്തള്ളിയ മത്സരത്തിൽ ഇന്നിംഗ്സ് വിജയമെന്ന അത്ഭുതം സൃഷ്ടിച്ച് ന്യൂസിലൻഡ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഒരിന്നിംഗ്സിനും 65 റൺസിനും കിവികൾ വിജയം കൊത്തിയെടുത്തത്.

നിരന്തര മഴയെത്തുടർന്ന് മൂന്നാംദിവസം ഒന്നാം ഇന്നിംഗ് പൂർത്തിയാക്കിയിരുന്ന ശ്രീലങ്ക 244 റൺസിലാണ് ആൾ ഒൗട്ടായത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് അഞ്ചാംദിവസം ലഞ്ചിന് മുമ്പാണ് 431/6 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

തുടർന്ന് 187 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്ക വെറും 122 റൺസിന് ആൾ ഒൗട്ടായതോടെയാണ് സന്ദർശകർ വിജയം ആഘോഷിച്ചതും പരമ്പര സമനിലയിലാക്കിയതും.

സമനില പ്രതീക്ഷിച്ച് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ലങ്കയ്ക്ക് ലഞ്ചിന് പിരിയുന്നതിനിടയിൽത്തന്നെ അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. ചായ സമയമായപ്പോഴേക്കും

88/7 എന്ന

സ്കോറിലായിരുന്നു. അഞ്ചാംദിനം അവസാനിക്കുന്നതുവരെ കടിച്ചുപിടിച്ചു തൂങ്ങാനുള്ള ആതിഥേയരുടെ ശ്രമം പക്ഷേ വിജയം കണ്ടില്ല. മുൻനിര ബാറ്റ്സ്മാൻമാരായ തിരിമന്നെ (0), കുശാൽ പെരേര (0), ഏഞ്ചലോ മാത്യൂസ് (7), ധനഞ്ജയ് സിൽവ (1) എന്നിവർ പെട്ടെന്ന് പുറത്തായതാണ് ലങ്കയെ ഉലച്ചുകളഞ്ഞത്. കുശാൽ മെൻഡിസ് (20), നിരോഷൻ ഡിക് വെല്ല (51), കരുണ രത്‌നെ (21), ലക്‌മൽ (15) എന്നിവർ പൊരുതി നോക്കിയെങ്കിലും തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.

കിവീസ് ബൗളർമാരുടെ കൂട്ടായ പരിശ്രമത്തിലാണ് ശ്രീലങ്ക കെട്ടുപൊട്ടിയ പട്ടമായി മാറിയത്. ട്രെന്റ് ബൗൾട്ട്, ടിം സൗത്തീ, അജാസ് പട്ടേൽ, സോമർ വില്ലെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗ്രാൻഡ് ഹോമിന് ഒരു വിക്കറ്റ് ലഭിച്ചു.

ന്യൂസിലൻഡിന് വേണ്ടി ആദ്യ ഇന്നിംഗ്സിൽ 154 റൺസടിച്ച ടോം ലതാമാണ് മാൻ ഒഫ് ദ മാച്ച്. 105 റൺ​സുമായി​ പുറത്താകാതെ നി​ന്ന് വി​ക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബി​.ജെ. വാറ്റ്‌ലിംഗ് പ്ളേയർ ഒഫ് ദ സീരി​സായി​.