ഒന്നിലേറെ തവണ ലോക ചാമ്പ്യൻഷിപ്പിന്റേതടക്കമുള്ള ഫൈനലുകളിൽ തോറ്റപ്പോൾ തന്റെ മികവിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് ഇത്തവണത്തെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ കിരീട നേട്ടമെന്ന് ഇന്ത്യൻ താരം പി.വി. സിന്ധു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരമായശേഷം ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ ഒൗദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സിന്ധു ഇങ്ങനെ പറഞ്ഞത്.
നിരന്തരം എന്റെ കഴിവിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് ഇൗ സ്വർണം. ഒാരോ തവണ ചോദ്യമുയരുമ്പോഴും എന്റെ റാക്കറ്റ് കൊണ്ടുതന്നെ മറുപടി നൽകണമെന്ന് ഞാൻ കരുതിയിരിക്കുകയായിരുന്നു. ഇപ്പോൾ അത് സാദ്ധ്യമായി.
ആദ്യം ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റപ്പോഴും കഴിഞ്ഞവർഷം തോറ്റപ്പോഴും എനിക്ക് തീർത്താൽ തീരാത്ത അരിശവും സങ്കടവും തോന്നിയിരുന്നു. എന്റെ വികാരങ്ങൾ അടക്കാൻ ഏറെ പ്രയാസപ്പെട്ടു. എന്തുകൊണ്ടാണ് ഫൈനലിൽ മാത്രം ജയിക്കാൻ കഴിയാത്തതെന്ന് പലതവണ എന്നോടുതന്നെ ചോദിച്ചു. ഇപ്പോഴാണ് അതിന് ഉത്തരം ലഭിച്ചത്.
ഇൗ വിജയം എന്നെ സ്നേഹിക്കുന്നവരെല്ലാം ആഗ്രഹിച്ചിരുന്നു. റിയോ ഒളിമ്പിക്സിൽ വെള്ളി നേടിയശേഷം രാജ്യത്തിന് എന്നിൽ അത്രയേറെ പ്രതീക്ഷയുണ്ടായിരുന്നു. ഏത് ടൂർണമെന്റിനിറങ്ങുമ്പോഴും ആരാധകർ എന്നിൽനിന്ന് സ്വർണം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
അടുത്ത ഒളിമ്പിക്സിലെ സ്വർണത്തെ കുറിച്ച് ഇപ്പോഴേ ചോദ്യങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. 2020 ഒളിമ്പിക്സിന് ഇനിയുമേറെ സമയമുണ്ട്. ഇപ്പോൾ ഇൗ കിരീട നേട്ടം ആഘോഷിക്കാനാണെനിക്കിഷ്ടം.