sports-council
sports council

നാലുമാസംമുമ്പ് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിന് യാത്ര അയപ്പ് നൽകാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ നിർബന്ധിത പിരിവ്.

തിരുവനന്തപുരം : കൃത്യസമയത്ത് തങ്ങൾക്ക് ശമ്പളം നൽകാൻ ഒരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി പക്ഷേ ആഘോഷങ്ങൾക്ക് വേണ്ടി പിരിവ് നടത്താൻ കാട്ടുന്ന ശുഷ്‌കാന്തി ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നു.

മറ്റു സർക്കാർ ജീവനക്കാരെപ്പോലെ മാസം ഒന്നാം തീയതി സംസ്ഥാന സ്പോർട്സ് കൗൺസിലിലെ ജീവനക്കാർ ശമ്പളം വാങ്ങിയിട്ട് കാലങ്ങളായി. സർക്കാരിൽനിന്ന് ശമ്പളം മാറിയെടുക്കുന്നതിനുള്ള ഫയലുകൾ നീക്കുന്നതിൽ സെക്രട്ടറി കാട്ടുന്ന അലംഭാവമാണ് പത്തും പതിനഞ്ചും ദിവസം താമസിച്ച് ശമ്പളം ലഭിക്കാൻ കാരണം. കഴിഞ്ഞ ആറുമാസത്തിനിടെ നാല് തവണയും 10-ാംതീയതിക്ക് ശേഷമാണ് ജീവനക്കാർക്ക് വേതനം ലഭിച്ചത്. കഴിഞ്ഞ വിഷുവിനും ഇൗ പെരുന്നാളിനുമൊക്കെ ജീവനക്കാർ ശമ്പളത്തിനായി കാത്തിരിക്കുകയായിരുന്നു. ഇത്തവണ സെക്രട്ടറി ചുമതല കൈമാറാതെ ഡൽഹിക്ക് പോയിരുന്നതിനാലാണ് ശമ്പളം വൈകിയത്. എന്നാൽ സെക്രട്ടറിയുടെ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശമ്പളം സ്പോർട്സ് ഡയറക്ടറേറ്റിൽ നിന്നാണ് മാറുന്നത്.

ശമ്പളം കൃത്യസമയത്ത് നൽകിയില്ലെങ്കിലും ജീവനക്കാരിൽ നിന്ന് പണം പിരിക്കാനുള്ള ഒരവസരവും പാഴാക്കില്ലെന്നാണ് സെക്രട്ടറിക്കെതിരായ പരാതി. പഴയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന് യാത്ര അയപ്പ് നൽകാനാണ് ഇപ്പോഴത്തെ നിർബന്ധിത പിരിവ്. അഞ്ഞൂറുമുതൽ ആയിരംരൂപവരെ പരിശീലകരും ജീവനക്കാരും നൽകണമെന്നാണ് സെക്രട്ടറിയുടെ നിലപാട്. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധമറിയിച്ചെങ്കിലും പിരിവിൽ കുറവുണ്ടാകില്ലെന്നതായിരുന്നു നിലപാട്.

കൗൺസിലിൽ നിന്ന് പ്രസിഡന്റ് വിരമിച്ചിട്ട് നാലുമാസം കഴിഞ്ഞു. അദ്ദേഹത്തിന് ഇപ്പോൾ യാത്ര അയപ്പ് നൽകുന്നതിന്റെ ഉദ്ദേശവും ജീവനക്കാർ ചോദ്യം ചെയ്യുന്നുണ്ട്. പരിപാടി നേരത്തെ ആലോചിച്ചതാണെങ്കിലും പ്രളയത്തെതുടർന്ന് നീട്ടിവയ്ക്കുകയായിരുന്നുവെന്നായിരുന്നു മറുപടി.

രണ്ടുവർഷത്തോളമായി തങ്ങളുടെ ശമ്പള പരിഷ്കരണ നടപടികൾ സെക്രട്ടറി വൈകിപ്പിക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു.

നക്ഷത്ര ഹോട്ടലിലെ വിരുന്നും വിവാദത്തിൽ

അതേസമയം മുൻ പ്രസിഡന്റിന് ഇൗമാസം 29ന് കൗൺസിലിൽ ഉച്ചവിരുന്ന് നൽകുന്നതിന് പുറമേ അന്നേദിവസം രാത്രി നക്ഷത്ര ഹോട്ടലിൽ അത്താഴവിരുന്ന് നൽകാനുള്ള തീരുമാനവും വിവാദത്തിലായി. കൗൺസിലിന്റെ സ്വന്തം ഫണ്ടിൽനിന്ന് നക്ഷത്ര വിരുന്നിനായി പണം ചെലവഴിക്കാനായിരുന്നു സെക്രട്ടറിയുടെ തീരുമാനം. എന്നാൽ പൊതുപണം ഇതിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെ അതിൽനിന്ന് പിൻമാറി.

ഒാണത്തിനും ശമ്പളം കിട്ടില്ല

അടുത്തമാസവും കൗൺസിലിൽ ജീവനക്കാർക്ക് ശമ്പളം സമയത്ത് കിട്ടില്ലെന്നാണ് സൂചനകൾ. ഒാണക്കാലത്ത് കാശില്ലാതെ വിഷമിക്കേണ്ടിവരുന്ന ഗതിയിലാണ് ജീവനക്കാർ.