teabag

ലോകത്തുള്ള എല്ലാവരും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് ചായ. ഇന്ത്യയിൽ തന്നെ ചായയ്‌ക്ക് നിരവധി ബ്രാൻഡുകൾ ഉണ്ട്. വിലയിലും വ്യത്യാസം ഉണ്ട്. മിക്കവരും ദിവസം കുറഞ്ഞത് രണ്ടുനേരമെങ്കിലും ചായ കുടിക്കുന്നുണ്ട്. അപ്പോൾ പിന്നെ ലോകത്തെ ഏറ്റവും വിലകൂടിയ ടീ ബാഗിനെ പറ്റി അറിയാതെ പോകരുതല്ലോ. ആഗോള ഭീമൻമാരായ യൂണിലിവറിന്റെ പി.ജി ടിപ്‌സ് എന്ന തേയില ബ്രാൻഡ് ആണ് ലോകത്തെ ഏറ്റവും വിലകൂടിയ ടീ ബാഗുകൾ പുറത്തിറക്കിയത്. വില എത്രയെന്ന് കേൾക്കണ്ടേ, 14,000 ഡോളർ (ഏകദേശം 10,03,884 രൂപ ).

ചൂടു വെള്ളത്തിലോ പാലിലോ മുക്കിയതിന് ശേഷം നാം ദൂരെ കളയുന്നവയാണ് ടീ ബാഗുകൾ. അവയ്‌ക്ക് ഇത്രയും വിലയോ?, കാര്യമുണ്ട്. വജ്രക്കല്ലുകളാൽ അലങ്കരിച്ച സ്റ്റൈലൻ ടീ ബാഗുകളാണിവ. 2005ൽ തങ്ങളുടെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് പി.ജി ടിപ്‌സ് ഈ ടീ ബാഗുകൾ പുറത്തിറക്കുന്നത്. 280 വജ്രക്കല്ലുകളാണ് ടീ ബാഗിലുള്ളത്. ഇംഗ്ലണ്ടിലെ ലിവർപൂൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകപ്രശസ്‌ത ആഭരണ നിർമാതാക്കളായ ബൂഡിൽസ് ആണ് പി.ജി ടിപ്‌സിനു വേണ്ടി വജ്രക്കല്ലുകളാൽ അലങ്കരിച്ച ടീ ബാഗ് ഡിസൈൻ ചെയ്‌തത്.

ഇംഗ്ലണ്ടിലെ റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്‌പിറ്റലിന് വേണ്ടി പണം സമാഹരിക്കാനാണ് പി.ജി ടിപ്‌സ് ഈ ഡയമണ്ട് ടീ ബാഗ് വിപണിയിലെത്തിച്ചത്. ബാഗിന്റെ രണ്ടു വശത്തും ഉൾഭാഗത്തും 2.56 കാരറ്റ് വീതമുള്ള ഇരുന്നൂറ് വജ്രക്കല്ലുകൾ ഉണ്ട്. ബാഗിന്റെ വൈറ്റ് ഗോൾഡ് സ്ട്രിംഗിൽ 80 വജ്രക്കല്ലുകളാണ് പതിപ്പിച്ചിരിക്കുന്നത്. 1930ൽ ലോകപ്രശസ്‌ത തേയില നി‌ർമാതാക്കളായ ബ്രൂക്ക് ബോണ്ട് ആണ് പി.ജി ടിപ്‌സ് ബ്രാൻഡ് ആരംഭിക്കുന്നത്. ഇപ്പോൾ ഈ രണ്ടു ബ്രാൻഡും യൂണിലിവറിന്റെ ഉടമസ്ഥതയിലാണ്.
സാധാരണ ടീ ബാഗ് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇവയും. പിരമിഡ് ആകൃതിയിലുള്ള ടീ ബാഗിനുള്ളിൽ തേയില അടങ്ങിയിട്ടുണ്ട്. പക്ഷേ, ഉപയോഗിച്ചതിന് ശേഷം ഡയമണ്ട് ടീ ബാഗ് കളഞ്ഞേക്കരുതെന്ന് മാത്രം!