gps
ജി.പി.എസ്

തിരുവനന്തപുരം: പതിനായിരങ്ങൾ മുടക്കി പല വാഹനങ്ങളിലും സർക്കാർ നിർദേശ പ്രകാരം ജി.പി.എസ് സംവിധാനം (ഗ്ളോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പിച്ചു. അത്രതന്നെ, പിന്നെ അനക്കമൊന്നുമില്ല. വാഹന ഉടമകൾക്ക് മുടക്കിയ തുക പോയത് മിച്ചം. ഇനി ഇതൊന്ന് അനക്കം വയ്ക്കണമെങ്കിൽ ട്രാൻസ്‌‌പോർട്ട് കമ്മിഷണറേറ്റിലെ മാസ്റ്റർ കൺട്രോൾ റൂം തുറക്കണം. ഒരു കൊല്ലംമുമ്പ് ഉദ്ഘാടനം കഴിഞ്ഞെങ്കിലും അത് അങ്ങനെതന്നെ കിടപ്പാണ്. പൊതു ഗതാഗത വാഹനങ്ങളെയും ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഉള്ളവയേയും നീരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ് പദ്ധതി. പക്ഷേ, ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പദ്ധതി പാതിവഴിയിൽ നിൽക്കുകയാണ്. ജില്ലാതല കൺട്രോൾ റൂമുകൾപോലും ഇതുവരെ തുറന്നിട്ടില്ല. അതിനാൽതന്നെ നിരീക്ഷണം തുടങ്ങാനുമായില്ല.

മാസ്റ്റർ കൺട്രോൾ റൂമിനാവശ്യമായ ഉപകരണങ്ങളും ജീവനക്കാരേയും ലഭ്യമാക്കാൻ കഴിയാത്തതാണത്രേ പ്രശ്നം.

ജി.പി.എസ്, 4ജി, 3ജി കമ്യൂണിക്കേഷൻ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം, വെഹിക്കിൾ ട്രാക്കിംഗ് സോഫ്ട് വെയർ, കമ്യൂണിക്കേഷൻ സംവിധാനം, മോണിറ്ററിംഗ് സംവിധാനം എന്നിവയൊന്നും ക്രമീകരിക്കാനായിട്ടില്ല. സർക്കാർ തലത്തിൽ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതിക്കാണ് ഈ ദുരവസ്ഥ. 6.42 കോടി ചെലവിൽ സി ഡാക്കിന്റെ സഹായത്തോടെ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

30,000ത്തോളം വാഹനങ്ങളിൽ

ജില്ലാതലങ്ങളിലെ മിനി കൺട്രോൾ റൂമുകളും ട്രാൻസ്‌‌പോർട്ട് കമ്മിഷണറേറ്റിലെ കേന്ദ്രീകൃത കൺട്രോൾ റൂമും വഴി 24 മണിക്കൂറും വാഹനങ്ങളുടെ വേഗം, റൂട്ട്, നിയമലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജി.പി.എസ് നിർബന്ധമാക്കിയതോടെ സ്കൂൾ ബസുകൾ, നാഷണൽ പെർമിറ്റ് ലോറികൾ, സ്വകാര്യ ബസുകൾ തുടങ്ങി 30,000 ത്തോളം വാഹനങ്ങളിൽ ഇതിനകം ജി.പി.എസ് ഘടിപ്പിച്ചു. 15,000 മുതൽ 25,000 രൂപാവരെയാണ് വാഹന ഉടമകൾക്ക് ഇതിനായി വേണ്ടിവന്ന മുതൽമുടക്ക്. ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനൊപ്പം വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്ക്കും ജി.പി.എസ് ഉപകരിക്കും. അപകടത്തിൽപ്പെട്ടാലുടൻ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വാഹനത്തിലും പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും സന്ദേശമെത്തും. വേഗപരിധി വിട്ടാൽ അലാം വഴി വാഹന ഉടമയ്ക്കും ആർ.ടി.ഒ, കൺട്രോൾ റൂം എന്നിവിടങ്ങളിലും മുന്നറിയിപ്പ് നൽകും. അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക് എമർജൻസി ബട്ടൺ അമർത്തി അധികൃതരുടെ സഹായം തേടാനുമാകും.

''

വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് ജി.പി.എസ് സംവിധാനം ഉപകാരപ്രദമാണ്. മാസ്റ്റർ കൺട്രോൾ റൂമിനൊപ്പം ജില്ലാ തലങ്ങളിൽ എൻഫോഴ്സ്‌‌മെന്റ് കൺട്രോൾ റൂമുകളോട് അനുബന്ധിച്ച് ജില്ലാ കൺട്രോൾ റൂമുകൾ കൂടി ആരംഭിക്കുന്നതോടെ പദ്ധതി പൂർണതോതിൽ നടപ്പാക്കാനാകും. മാസ്റ്റർ കൺട്രോൾ റൂമിൽ ചില ഉപകരണങ്ങൾ കൂടി ലഭ്യമാകാനുണ്ട്. കേരളത്തെ മാതൃകയാക്കി രാജ്യമാകെ വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധമാക്കി വരികയാണ്. സംസ്ഥാനത്ത് വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനുള്ള സമയപരിധി 31 വരെ നീട്ടിയിട്ടുണ്ട്.

രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്‌‌പോർട്ട് കമ്മിഷണർ

സംസ്ഥാനത്ത്

 ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ: 95 ലക്ഷം

 റണ്ണിംഗ് കണ്ടീഷനിൽ: 80 ലക്ഷം

പൊതു ഗതാഗത വാഹനങ്ങൾ: 30 ലക്ഷം

 ഇതുവരെ ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ: 30,000