sumith-nagal

കഴിഞ്ഞ ദിവസം ഇന്ത്യൻ ടെന്നീസ് ആരാധകരുടെയെല്ലാം കണ്ണുകൾ ടിവിയിലെ യു.എസ് ഓപ്പൺ ടെന്നീസിന്റെ തത്സമയ സംപ്രേക്ഷണത്തിലേക്കായിരുന്നു. ആദ്യ റൗണ്ടിൽ റോജർ ഫെഡറർ, റാഫേൽ നദാലിനോടോ നൊവാക് ജോക്കോവിച്ചിനോടോ അല്ല ഏറ്റുമുട്ടിയത്. 190 -ാം റാങ്കുകാരനായ ഇന്ത്യയുടെ സുമിത് നാഗൽ ആയിരുന്നു ഫെഡററുടെ എതിരാളി. സുമിതിന്റെ കന്നി ഗ്രാൻഡ്സ്ലാം മത്സരമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. അതും ഇതിഹാസ താരം റോജർ ഫെഡററോട്. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തം പേരിലുള്ള ഫെഡററെ നേരിടുക എന്നത് ചില്ലറ കാര്യമല്ല. ഫെഡറർ എന്ന പരിചയ സമ്പന്നനായ കളിക്കാരന്റെ മുന്നിൽ മുട്ട് വിറയ്ക്കാതെ കളിച്ചെങ്കിലും നാഗലിന് ആദ്യ റൗണ്ടിൽ പൊരുതി തോൽക്കേണ്ടി വന്നു. പക്ഷേ, ഫെഡററെ ഒന്നു ഞെട്ടിക്കാൻ നാഗലിന് കഴിഞ്ഞു. ആദ്യ സെറ്റിൽ 6 - 4 എന്ന നിലയിൽ നാഗൽ ഫെഡററെ പിന്നിലാക്കി. ഫെഡറർക്കെതിരെ ഒരു സെറ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാകാനുള്ള ഭാഗ്യവും നാഗലിന് ലഭിച്ചു.

25 വർഷങ്ങൾക്ക് ശേഷം ഒരു ഗ്രാൻഡ്സ്ലാം സിംഗിൾസിലേക്ക് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് നാഗൽ. ബ്രസീലിന്റെ ജോവോവോ മെനെസസിനെ തോൽപ്പിച്ചു കൊണ്ടാണ് നാഗൽ യു.എസ് ഓപ്പണിലേക്ക് യോഗ്യത നേടിയത്. ഹരിയാനയിലെ ഝജ്ജർ ജില്ലക്കാരനായ നാഗൽ ന്യൂയോർക്കിലെ ആർതർ ആഷ് സ്റ്റേഡിയത്തിൽ ഓപ്പണിംഗ് റൗണ്ടിന്റെ ആദ്യ സെറ്റിൽ ഫെഡററെ പിന്നിലാക്കിയപ്പോൾ അത് ഇന്ത്യൻ ആരാധകരുടെ മനസിലേക്കുള്ള ചുവട്‌വയ്‌പ്പ് കൂടിയായിരുന്നു. ഗ്രാൻഡ്സ്ലാം അരങ്ങേറ്റം മധുരിച്ചില്ലെങ്കിലും ഏവരുടെയും ശ്രദ്ധ ആകർഷിക്കാൻ നാഗലിന് കഴിഞ്ഞു.

ഒരു വർഷം മുമ്പ് എ.ടി.പി റാങ്കിംഗിൽ 300 പേർക്കൊപ്പം കയറിപ്പറ്റാൻ നാഗലിന് കഴിഞ്ഞിരുന്നില്ല. പരിക്കുകൾ നാഗലിനെ വേട്ടയാടിയിരുന്നു. നാഗലിന് തന്റെ കരിയറിൽ മറക്കാൻ കഴിയാത്ത ഒരു വർഷമായിരുന്നു 2018. എന്നാൽ അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ ഈ 22 കാരന് ഭാവമില്ലായിരുന്നു. എ.ടി.പി റാങ്കിംഗിൽ 190 ാം സ്ഥാനത്ത് എത്തിയെന്ന് മാത്രമല്ല ഹാംബർഗിൽ അരങ്ങേറിയ എ.ടി.പി 500ലേക്ക് യോഗ്യത നേടുകയും ചെ‌യ്‌തു.

നാഗൽ ആദ്യമൊക്കെ ക്രിക്കറ്റിന്റെ പിറകെ ആയിരുന്നു.

പക്ഷേ, ആ ക്രിക്കറ്റ് ആവേശത്തിന് വിരാമമിട്ടത് നാഗലിന്റെ പിതാവ് തന്നെയാണ്. പിന്നീട് ടെന്നീസിലേക്ക് ട്രാക്ക് മാറ്റിയ നാഗലിന്റെ പരിശീലക സ്ഥാനത്തേക്ക് കടന്നെത്തിയത് പ്രശസ്‌ത ടെന്നീസ് താരം മഹേഷ് ഭൂപതിയാണ്. നാഗലിന്റെ കഴിവുകൾ തിരിച്ചറി‌ഞ്ഞ മഹേഷ്, നാഗലിനെ സഹായിക്കാൻ തീരുമാനിച്ചു. 2015ൽ ഒരു പ്രൊഫഷണൽ ടെന്നീസ് താരമായി വളർന്ന നാഗൽ വിംബിൾഡൺ ബോയ്സ് ഡബിൾസിൽ വിജയിച്ചിരുന്നു. വിയറ്റ്നാമിന്റെ ലി ഹൊവോംഗ് ആയിരുന്നു ഡബിൾസിൽ നാഗലിന്റെ പങ്കാളി. 2016ൽ ഡേവിഡ് കപ്പിലും നാഗൽ അരങ്ങേറിയിരുന്നു.

ഇപ്പോൾ ജർമനിയിലെ നെൻസൽ അക്കാഡമിയിൽ പരിശീലനം നടത്തുകയാണ് നാഗൽ. ഇന്ത്യൻ താരമായ സോംദേവ് ദേവ് വർമന്റെ ഫിറ്റ്നസ് പരിശീലകനായിരുന്ന മിലോസ് ഗാലെസിച്ച് ആണ് നാഗലിനെയും പരിശീലിപ്പിക്കുന്നത്. യു.എസ് ഓപ്പണിന് മുന്നോടിയായി നാഗലിനെ പരിക്കുകൾ പിടികൂടാതെ ശ്രദ്ധിക്കാൻ ഇദ്ദേഹം വളരെ വലിയ പങ്കാണ് വഹിച്ചത്. 2017ൽ തന്റെ ആദ്യ എ.ടി.പി ചലഞ്ചർ കിരീടം സ്വന്തമാക്കിക്കൊണ്ടാണ് നാഗൽ ആദ്യമായി അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധ നേടുന്നത്. നാഗലിനെ കൂടാതെ ഇത്തവണ യു.എസ് ഓപ്പൺ മെയിൻ റൗണ്ടിലേക്ക് യോഗ്യത നേടിയ പ്രഗ്നേഷ് ഗുണേശ്വരനും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ലിയാണ്ട‌ർ പേസ്, മഹേഷ് ഭൂപതി, യൂകി ഭാംബ്രി, സോംദേവ് ദേവ് വർമൻ എന്നിവർക്ക് ശേഷം ടെന്നീസിൽ ഇന്ത്യയുടെ പേര് എഴുതിച്ചേർക്കാൻ നാഗലിന് കഴിയട്ടെ എന്നാണ് ടെന്നീസ് ലോകം ആശംസിക്കുന്നത്.