shasi-tharoor

തിരുവനന്തപുരം: മോദി അനുകൂല പരാമർശത്തിലൂടെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയ ഡോ. ശശി തരൂർ എം.പിയോട് വിശദീകരണം തേടാൻ കെ.പി.സി.സി തീരുമാനിച്ചു. കാശ്‌മീർ വിഷയത്തിലടക്കം നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാരിനെയും കോൺഗ്രസ് കടന്നാക്രമിക്കുമ്പോൾ തരൂരിന്റെ നിലപാട് ദോഷം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ നടത്തിയ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിച്ചത്. വിശദീകരണം തേടാൻ തീരുമാനിച്ചെങ്കിലും വിദേശത്തുള്ള തരൂരിനെ ബന്ധപ്പെടാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞിട്ടില്ല.
രാജീവ്ഗാന്ധി ജന്മവാർഷിക പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി മോദിയെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമുണ്ടായ തരൂരിന്റെ മോദി അനുകൂല പരാമർശം പാർട്ടിക്ക് കടുത്ത അവമതിപ്പുണ്ടാക്കിയെന്ന വികാരമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന് വിശദ റിപ്പോർട്ട് നൽകും. പാലാ അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകൾ വരാനിരിക്കെ തരൂരിന്റെ നിലപാട് ന്യൂനപക്ഷങ്ങൾക്കിടയിലെ വിശ്വാസ്യതയില്ലാതാക്കുമെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് ഏറെ പിന്നിലായിരുന്നു. ജില്ലാ നേതൃത്വവുമായി സഹകരിക്കാതെ തരൂർ നീങ്ങിയെന്ന ആക്ഷേപവുമുയർന്നു. നേതൃത്വം തന്നോട് സഹകരിക്കുന്നില്ലെന്ന് തരൂരും പരാതിപ്പെട്ടു. തുടർന്ന് മുല്ലപ്പള്ളി മുൻകൈയെടുത്ത് നേതാക്കളുടെ യോഗം വിളിക്കുകയും പ്രചാരണം സജീവമാക്കുകയും ചെയ്‌തു.

തിരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സി ആസ്ഥാനത്തെത്തിയ തരൂരിനോട് പാർട്ടിക്കതീതനാകരുതെന്നും സഹകരിച്ച് പോകണമെന്നും മുല്ലപ്പള്ളി പരസ്യമായി നിർദ്ദേശിച്ചു. എന്നാൽ ഇതെല്ലാം അവഗണിച്ച് നേതാക്കളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടാണ് മോദി വിവാദത്തിൽ തരൂർ സ്വീകരിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിലെ പലരും പറയുന്നത്. മോദി അനുകൂല പരാമർശം തള്ളിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെപ്പോലും പരിഹസിക്കുന്ന പ്രതികരണമാണ് തരൂർ നടത്തിയത്.

പാർട്ടി പരിപാടികളോടോ സമരങ്ങളോടോ യോജിച്ച് പോകാത്ത സമീപനമാണ് തരൂർ സ്വീകരിക്കുന്നതെന്ന അഭിപ്രായം ഹൈക്കമാൻഡിലുമുണ്ട്. എന്നാൽ അഞ്ച് വർഷം എം.പിയായിരുന്നപ്പോൾ മോദിക്കെതിരെ ശക്തമായ വിമർശനമഴിച്ചുവിട്ട കോൺഗ്രസ് നേതാവെന്ന പ്രതീതി സൃഷ്‌ടിക്കാൻ തരൂരിനായിട്ടുണ്ട്. 'പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ" എന്ന അദ്ദേഹത്തിന്റെ പുസ്തകം പോലും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ അപ്പോഴും തരൂർ കോൺഗ്രസിന്റെ പ്രത്യക്ഷ സമരപരിപാടികളോട് മുഖം തിരിച്ചതിൽ അന്നേ എ.ഐ.സി.സിക്ക് അമർഷമുണ്ടായിട്ടുണ്ട്.

തരൂർ ആരോപണവിധേയനായ ചില കേസുകൾ വീണ്ടും സജീവമാകുന്നുവെന്ന ചർച്ചകൾക്കിടെയാണ് മോദീ സ്‌തുതി വിവാദം അരങ്ങേറുന്നതെന്നതും ശ്രദ്ധേയമാണ്.