തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണസമയം 1.15 ആക്കിയുള്ള ഉദ്യോഗസ്ഥ - ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഇത് ഒന്നുമുതൽ രണ്ടുവരെയാണ്. പുതിയ ഉത്തരവനുസരിച്ച് ഒന്നേകാൽ മുതൽ രണ്ടു വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം.

സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ ഓഫീസുകളിലെയും പ്രവൃത്തിസമയം സംബന്ധിച്ച് പരാതികളും സംശയങ്ങളുമുയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. പ്രവൃത്തിസമയം സംബന്ധിച്ച് നേരത്തേ ഉത്തരവിറക്കിയെങ്കിലും സെക്രട്ടേറിയറ്റൊഴികെയുള്ള സർക്കാർ ഓഫീസുകളിൽ സമയം 10 മുതൽ 5 വരെയാണ് നിർദ്ദേശിച്ചിരുന്നത്. സെക്രട്ടേറിയറ്റിൽ മാത്രം 10.15 മുതൽ 5.15 വരെയായിരുന്നു. പ്രാദേശിക കാരണങ്ങളാൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ നഗരമേഖലകളിൽ 10.15 മുതൽ 5.15 വരെയാണ് പ്രവൃത്തിസമയം.