ഒരു വർഷം മുൻപ് സംസ്ഥാനത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇക്കഴിഞ്ഞ 22ന് കുറ്റക്കാരെന്ന് വിധിച്ച പത്തു പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് നൽകിയിരിക്കുന്നത്. കേസിന്റെ പശ്ചാത്തലം അറിയുന്ന ഒരാളും ശിക്ഷ അമിതമായിപ്പോയെന്നു പറയുകയില്ല. പ്രധാന പ്രതികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ തൂക്കുകയർ തന്നെ നൽകേണ്ടതായിരുന്നു എന്ന് അഭിപ്രായമുള്ളവരും ധാരാളമുണ്ടാകും. പ്രതികളുടെ പ്രായവും മറ്റു ഘടകങ്ങളും കണക്കിലെടുത്താകാം കോടതി ഇരട്ട ജീവപര്യന്തത്തിൽ ശിക്ഷ ഒതുക്കിയതെന്നു കരുതാം. ശിക്ഷ ഇരട്ടജീവപര്യന്തമാണെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന കാരുണ്യവും കോടതിയിൽ നിന്നുണ്ടായി. പത്ത് പ്രതികളും ഇരുപതിനും മുപ്പതിനുമിടയ്ക്ക് പ്രായമുള്ളവരാണെന്ന വസ്തുത പരിഗണിക്കുമ്പോൾ ജീവപര്യന്തം തടവ് അവരെ നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായകമാകട്ടെ എന്നു പ്രത്യാശിക്കാം. കേസിലെ ഒന്നാംപ്രതി ഷാനു ചാക്കോയുടെ പിതാവ് ചാക്കോ ജോൺ അടക്കം നാലു പ്രതികളെ കഴിഞ്ഞ വ്യാഴാഴ്ച കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചിരുന്നു. ചാക്കോ ജോൺ കുറ്റവിമുക്തനായെങ്കിലും ഈ കേസ് ജീവിതാവസാനം വരെ അയാളുടെ മനസിനെയും ജീവിതത്തെയും മുറിപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നതു തീർച്ചയാണ്. ജയിൽ ശിക്ഷയേക്കാൾ കൊടിയ ശിക്ഷ തന്നെയാകും അത്.
2018 മേയ് 28നാണ് നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ ജോസഫ് എന്ന ഇരുപത്തിനാലുകാരനെ പ്രതികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്നത്. കെവിന്റെ സുഹൃത്തായ അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടുപോയെങ്കിലും ഇടയ്ക്ക് അയാൾ രക്ഷപ്പെട്ടിരുന്നു. കേസിൽ നിർണായകമായ തെളിവുകൾ നൽകിയതും അനീഷാണ്. ദളിത് ക്രിസ്ത്യൻ സമുദായക്കാരനായ കെവിൻ സവർണ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ചാക്കോ ജോണിന്റെ പുത്രിയായ നീനുവിനെ പ്രേമിച്ച് വിവാഹം ചെയ്തതിലുള്ള പകയാണ് സഹോദരൻ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചത്. ജാതി മാറിയുള്ള പ്രേമവും വിവാഹവുമൊക്കെ ദുരഭിമാനക്കൊലയിലേക്ക് നയിക്കുന്ന സംഭവങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ സാധാരണമാണെങ്കിലും കേരളത്തിൽ അപൂർവമാണ്. മാത്രമല്ല ദുരഭിമാനക്കൊല എന്ന വിവക്ഷയിൽ ഉൾപ്പെടുത്തി 364 എ വകുപ്പിൽപ്പെടുത്തി രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസും ഇതാണ്. ഹീനകൃത്യങ്ങളുടെ പട്ടികയിലാണ് സുപ്രീംകോടതി ദുരഭിമാനക്കൊല ഉൾപ്പെടുത്തിയിട്ടുള്ളത്. വധശിക്ഷ വരെ നൽകാവുന്ന കുറ്റകൃത്യമാണിത്. എന്നാൽ നാളിതുവരെ രാജ്യത്ത് ഒരു കോടതിയിലും ഈ വകുപ്പ് ചേർത്തുള്ള കേസ് ഉണ്ടായിട്ടില്ല. ഇതാദ്യമായി കെവിൻ വധത്തിലാണ് 364 എ വകുപ്പിന് പ്രസക്തി കൈവന്നതെന്ന പ്രത്യേകതയുമുണ്ട്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ ഉറച്ച നിലപാടാണ് പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ പ്രധാനമായും സഹായിച്ചത്. പ്രധാന പ്രതികൾ തന്റെ സഹോദരനും പിതാവുമായിട്ടും അവർക്കെതിരെ നീതിപീഠത്തിനു മുമ്പാകെ നിർഭയം തെളിവു നൽകാൻ ആ യുവതി തയാറായി. കെവിന്റെ മരണത്തെത്തുടർന്ന് സ്വന്തം വീട് ഉപേക്ഷിച്ച് കെവിന്റെ വസതിയിൽ കഴിയുന്ന നീനു സംഭവദിവസം കെവിനെ രക്ഷിക്കണമെന്ന അപേക്ഷയുമായി ഒരു പകൽ മുഴുവൻ പൊലീസ് സ്റ്റേഷൻ വരാന്തയിൽ കാത്തുനിന്നിട്ടും ഫലമുണ്ടായില്ല. പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഒരു പക്ഷേ കെവിനെ അക്രമികളിൽ നിന്നു രക്ഷിക്കാൻ കഴിയുമായിരുന്നു. പൊലീസിന്റെ സഹായം തേടിയെത്തിയ ആ സാധു യുവതിയോട് നിഷ്കരുണം മുഖംതിരിച്ച പൊലീസുകാരുടെ പെരുമാറ്റം പിന്നീട് വലിയ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് അകമ്പടി പോകാനുണ്ടെന്നു പറഞ്ഞാണ് പൊലീസ് അന്ന് നീനുവിനും നീതി നിഷേധിച്ചത്. ഇതിന്റെ പേരിൽ സസ്പെൻഷൻ നടപടിയൊക്കെ ഉണ്ടായെങ്കിലും സഹായം തേടിയെത്തുന്ന സാധാരണക്കാരോടുള്ള പൊലീസ് സമീപനം തുറന്നുകാട്ടിയ അനേകം സംഭവങ്ങളിലൊന്നായി എക്കാലവും ഇതും തെളിഞ്ഞു നിൽക്കുമെന്നു തീർച്ച.
കെവിൻ വധക്കേസിന്റെ അന്വേഷണവും വിചാരണയുമെല്ലാം വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതാണ് ഈ കേസിന്റെ മറ്റൊരു സവിശേഷത. കേസിന്റെ തുടർച്ചയായ വിചാരണയ്ക്കായി സെഷൻസ് കോടതി അവധിക്കാലം പോലും ഉപേക്ഷിച്ചു. കോടതി സമയക്രമത്തിലും മാറ്റം വരുത്തി. ജനശ്രദ്ധ നേടിയ കേസുകളിൽ കാലതാമസം കൂടാതെ നീതി ഉറപ്പാക്കാൻ കോടതികൾ മനസുവച്ചാൽ സാധിക്കുമെന്നതിന്റെ നല്ല ദൃഷ്ടാന്തം കൂടിയാണിത്. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഒരുപോലെ അഭിമാനിക്കാവുന്ന വിധമാണ് ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്.
ജാതിക്കതീതമായ പ്രണയവും വിവാഹവും സംസ്ഥാനത്തിന് പുതുമയുള്ള കാര്യമൊന്നുമല്ല. പണ്ടുകാലം തൊട്ടേ സമൂഹത്തിൽ നടന്നുവരുന്ന കാര്യമാണിതൊക്കെ. എന്നാൽ ജാതിയിൽ കുറഞ്ഞുപോയതിന്റെ പേരിൽ പാവപ്പെട്ട ഒരു യുവാവ് തന്റെ പ്രേയസിയുടെ അച്ഛന്റെയും സഹോദരന്റെയും അവർ കൂലികൊടുത്ത ഘാതകസംഘത്തിന്റെയും മൃഗീയ ആക്രമണത്തിനിരയായി പിടഞ്ഞു മരിക്കേണ്ടിവന്നത് പുതിയ സമൂഹത്തിന് ഒരു തരത്തിലും ഉൾക്കൊള്ളാനാവാത്തതാണ്. മുമ്പിൽ പ്രതികൂല സാഹചര്യങ്ങൾ മാത്രം ഉണ്ടായിരുന്നിട്ടും തന്റെ പ്രാണപ്രിയന്റെ മരണത്തിനു കാരണക്കാരായവരെ നീതിപീഠത്തിനു മുമ്പിൽ ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ച നീനു എന്ന യുവതിയാണ് ഇവിടെ മാതൃകയാകുന്നത്.