pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വിപുലീകരിക്കുന്നതിന് 39 ലക്ഷം രൂപയും ഇതിനായി മന്ത്രി മൊയ്തീന്റെ ഒാഫീസ് നോർത്ത് ബ്ളോക്കിൽ നിന്ന് അനക്സ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ 40.47 ലക്ഷവും ഉൾപ്പെടെ മൊത്തം ചെലവ് 79.47 ലക്ഷം രൂപ. പ്രളയ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ചെലവ് പരമാവധി വെട്ടിച്ചുരുക്കുമെന്ന പ്രഖ്യാപനങ്ങൾക്കിടെയാണ് ഒാഫീസ് വിപുലീകരണത്തിന് ഇത്രയും തുക ചെലവഴിക്കുന്നത്.

തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലം കൂടി എടുത്താണ് നോർത്ത് ബ്ളോക്കിലെ മുഖ്യമന്ത്രിയുടെ ഒാഫീസ് വിപുലീകരിക്കുന്നത്. ഇതിന് ഭരണാനുമതി നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് വിപുലീകരണച്ചുമതല. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി. മൊയ്തീന്റെയും ഓഫീസുകളാണ് ഉണ്ടായിരുന്നത്. മന്ത്രിയുടെ ഓഫീസ് സെക്രട്ടേറിയറ്റിന് പുറത്തുള്ള അനക്‌സ് 1 മന്ദിരത്തിലേക്ക്‌ മാറ്റിക്കഴിഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയും ഓഫീസ് സ്റ്റാഫും മാത്രമാണ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലുള്ളത്. മന്ത്രി മൊയ്തീന്റെ പുതിയ ഓഫീസ് സജ്ജമാക്കാൻ ഇലക്ട്രിക്കൽ ജോലികൾക്കായി 12.50 ലക്ഷവും സിവിൽ ജോലിക്ക് 27.97 ലക്ഷവുമടക്കമാണ്‌ 40.47 ലക്ഷം ചെലവായത്.