toll-plaza-fast-tag-

തിരുവനന്തപുരം: ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ നീണ്ട ക്യൂ വൈകാതെ പഴങ്കഥയാവും. ഡിസംബർ മുതൽ ടോൾ പ്ലാസ വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങൾക്കും കേന്ദ്ര റോഡ് ട്രാൻസ്‌‌പോർട്ട് മന്ത്രാലയം ഫാസ്റ്ര് ടാഗ് നിർബന്ധമാക്കുന്നു. സ്വകാര്യ വാഹനങ്ങൾക്കുൾപ്പെടെ ഇത് വയ്ക്കണമെന്നാണ് നിർദേശം. ഡിജിറ്രൽ പേയ്മെന്റ് സംവിധാനത്തിന് പ്രാധാന്യം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

നിലവിൽ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഒരു വരി മാത്രമാണ് ഫാസ്റ്ര് ടാഗ് ഉള്ളവർക്ക് വേണ്ടിയുള്ളത്. ഇനി എല്ലാ ലൈനുകളും ഫാസ്റ്ര് ടാഗിനെ സ്വീകരിക്കുന്ന സംവിധാനം ഏർപ്പെടുത്തും. ഇതോടെ ടോൾ പ്ലാസയിൽ വാഹനം നിറുത്തി പണം അടയ്ക്കേണ്ട ആവശ്യമില്ല. ഫാസ്റ്ര് ടാഗിലുള്ള പണം ടോൾ പ്ലാസയിലുള്ള അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ട്രാൻസ്‌‌ഫർ ചെയ്യപ്പെടും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പദ്ധതിയുടെ ഭാഗമായി ഫാസ്റ്ര് ടാഗ് സംവിധാനം കൊണ്ടുവന്നത്. രാജ്യത്ത് ഇതുവരെ 52 ലക്ഷം ഫാസ്റ്ര് ടാഗുകളാണ് വിതരണം ചെയ്തത്.

എന്താണ് ഫാസ്റ്ര് ടാഗ്

വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിന്റെ അകഭാഗത്ത് ഒട്ടിക്കുന്ന ഒടു ടാഗ് ആണിത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി ) സംവിധാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. വാഹനം ടോൾ പ്ലാസയ്ക്ക് മീറ്രറുകൾക്കടുത്ത് എത്തുമ്പോൾ പ്ലാസയിൽ ഘടിപ്പിച്ച ഫാസ്റ്ര് ടാഗ് റീഡർ വാഹനത്തെ തിരിച്ചറിയുന്നു. അതിന്റെ ആ‌ർ.എഫ്.ഐ.ഡി കോഡ് തിരിച്ചറിയുന്ന ഉപകരണം ഫാസ്റ്ര് ടാഗിൽ നിന്ന് ടോൾ പ്ലാസയിലേക്കാവശ്യമായ പണം ഓട്ടോമാറ്റിക്കായി ട്രാൻസ്‌‌ഫർ ചെയ്യും. ടോൾ പ്ളാസയുടെ വരിയിൽ നിൽക്കേണ്ടതുമില്ല.

സംസ്ഥാന പാതകളിലും ജില്ലാ റോ‌ഡുകളിലും ഈ സൗകര്യം ഏർപ്പെടുത്തും.

നേട്ടങ്ങൾ

 ടോൾ പ്ലാസകളിലെ നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാം.

 വാഹനങ്ങളെ ട്രാക്ക് ചെയ്യാനും ഫാസ്റ്ര് ടാഗിലൂടെ കഴിയും.

 വിവിധ ബാങ്കുകളിൽ നിന്ന് ഫാസ്റ്ര് ടാഗ് വാങ്ങാനാവും.

 സേവിംഗ് അക്കൗണ്ടുള്ള ബാങ്കാണെങ്കിൽ ഫാസ്റ്ര് ടാഗിനെ ഇതിനോട് ബന്ധപ്പെടുത്താം.

 റീചാർജ് ചെയ്തും ഉപയോഗിക്കാം.