pre-wedding-shoot

ജയ്‌പൂർ:കല്യാണം ഉറപ്പിച്ചപ്പോഴേ പ്രീ വെഡിഗ് വീഡിയോ ഷൂട്ടുചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. പൊലീസിലാണ് ജോലി എന്നതിനാൽ വീഡിയോയുടെ തീമും പൊലീസുമായി ബന്ധപ്പെട്ടതുതന്നെ ആയിരിക്കണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. വീഡിയോ ഷൂട്ടുചെയ്ത് സഹപ്രർത്തകർക്കുമുന്നിൽ കാണിച്ചു. പക്ഷേ, അതിത്ര പൊല്ലാപ്പാകുമെന്ന് അയാൾ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല.

വീഡിയോ പൊലീസിനെ മൊത്തത്തിൽ നാറ്റിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിമർശനം.രാജസ്ഥാനിലെ ഒരു യുവ എസ്.ഐയാണ് പുലിവാലുപിടിച്ചത്. വീഡിയോയിൽ എസ്.ഐ ഭാവിവധുവിനെ കണ്ടുമുട്ടുന്ന രംഗമാണ് വിമർശനങ്ങൾക്കെല്ലാം കാരണം.

ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടറിൽ എത്തുന്ന നായികയെ തടഞ്ഞുനിറുത്തുന്നതിനിടെ നായിക കൈക്കൂലി വാഗ്ദാനം ചെയ്യുന്നതും മുട്ടിയുരുമ്മി നിന്ന് എസ്.ഐയുടെ പോക്കറ്റിൽ പണമിട്ടുകൊടുക്കുന്നതും പോകുന്ന പോക്കിൽ അദ്ദേഹത്തിന്റെ പേഴ്സ് അടിച്ചുമാറ്റുന്ന രംഗങ്ങളുമാണ് ഉന്നതരുടെ നെറ്റി ചുളിപ്പിച്ചത്.

പൊലീസിൽ നിന്ന് കൈക്കൂലിയെ പടിയടച്ച് പിണ്ടംവയ്ക്കാനുള്ള ശ്രമങ്ങൾ നടക്കവെ ഒരു പൊലീസുകാരൻ ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റുചെയ്യുന്നത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നാണ് പൊലീസ് ഉന്നതർ പറയുന്നത്. പൊലീസുകാർ സ്ത്രീകളെകണ്ടാൽ എല്ലാംമറക്കുന്നവരാണ് എന്ന സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും അവർ പറയുന്നു. ഇതിനിടെ വീഡിയോ വൈറലുമായി.