shashi-tharoor

ന്യൂഡൽഹി: അദ്ധ്യക്ഷ പദത്തിൽനിന്നുള്ള രാഹുൽഗാന്ധിയുടെ രാജിയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നിന്ന് ഒരുവിധം കരകയറിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പ്രതിസന്ധി. ലോക്‌‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരിയുടെ പ്രകടനം മോശമാണെന്ന് മുറവിളി കൂട്ടി ഉത്തരേന്ത്യൻ കോൺഗ്രസ് ഘടകങ്ങൾ രംഗത്ത്. ചൗധരിയെ മാറ്റി തിരുവനന്തപുരം എം.പി ശശി തരൂരിനെ ആ ആസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് വിവിധ പി.സി.സികളുടെ ആവശ്യം. അധിർ രഞ്ജൻ ചൗധരിക്ക് ലോക്‌‌സഭയിൽ ഐക്യത്തോടെ പാർട്ടിയെ നയിക്കാൻ കഴിയുന്നില്ലെന്ന വിമർശനത്തോടെയാണ് പുതിയ ആവശ്യം ചില പി.സി.സികൾ ഉയർത്തുന്നത്.

പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്രവർത്തക സമിതിയ്ക്കിടെ രാജസ്ഥാൻ പി.സി.സി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് തരൂരിനെ ലോക്സഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെ ഈ ആവശ്യവുമായി പഞ്ചാബ് പി.സി.സിയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ‌ഞ്ചാബ്, രാജസ്ഥാൻ പി.സി.സികൾ രേഖാമൂലം സോണിയഗാന്ധിക്ക് കത്തും നൽകി. എന്നാൽ, കേരളത്തിലെ ചില നേതാക്കൾക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന. മാത്രമല്ല, മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂർ വിവാദത്തിലുംപെട്ടിരിക്കുകയാണ്. കേരളത്തിലെ ചില നേതാക്കൾ രൂക്ഷമായാണ് തരൂരിനെതിരെ പ്രതികരിച്ചത്. തരൂരിനോട് വിശദീകരണം ചോദിക്കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. ഹൈക്കമാൻഡിനും തരൂരിനെതിരെ പരാതി പോയിട്ടുണ്ട്. എന്നാൽ, കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് ഭേദമില്ലാതെ രംഗത്ത് വന്നത് തരൂരിന് ദേശിയ തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണെന്ന ആക്ഷേപം ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടാവുന്നുണ്ട്.

അധിർ രഞ്ജൻ ചൗധരിയെ ലോക്‌‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ട് അധികകാലമായിട്ടില്ല. അതിന് മുമ്പ് അദ്ദേഹത്തെ മാറ്റുന്നത് പാർട്ടിക്ക് വീണ്ടും ക്ഷീണമാവും. അതുകൊണ്ടുതന്നെ തരൂരിനെ ലോക്സഭാ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചില പി.സി.സികളുടെ ആവശ്യത്തോട് ഹൈക്കമാൻഡ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.