തിരുവനന്തപുരം : ജീവനക്കാർക്ക് ബോണസ് കൊടുക്കുന്നതിന് സർക്കാരിന്റെ കൈത്താങ്ങ് തേടി കെ.എസ്.ആർ.ടി.സി. പണം കിട്ടിയില്ലെങ്കിൽ ഓണത്തിന് പ്രത്യേക സർവീസുകളും നടത്താനാകില്ല. ചെലവു ചുരുക്കി ജീവനക്കാർക്ക് ഓണം ആഘോഷിക്കാനും, സ്‌പെഷ്യൽ സർവീസുകൾക്കും, കട്ടപ്പുറത്തിരിക്കുന്ന ബസുകൾ നിരത്തിലിറക്കാനുമായി 93.50 കോടി രൂപ അനുവദിക്കണമെന്നഭ്യർത്ഥിച്ച് കെ.എസ്.ആർ.ടി.സി സർക്കാരിന് കത്തയച്ചു.
പെൻഷൻ വിതരണം സഹകരണ സംഘങ്ങളിലൂടെ ആക്കിയെങ്കിലും സർക്കാരിൽ നിന്ന് ഓരോ മാസവും 20 കോടി ലഭിച്ചാലേ ശമ്പളം കൊടുക്കാനാകൂ. അതിനൊപ്പമാണ് ഓണ ബോണസുമെത്തിയത്. മാസം തോറും ലഭിക്കുന്ന 20 കോടിക്ക് പുറമെയാണ് വീണ്ടും സഹായം അഭ്യർത്ഥിച്ചത്. ചെറിയ രീതിയുള്ള ബോണസ് പാക്കേജാണ് കെ.എസ്.ആർ.ടി.സി തയ്യാറാക്കിയത്.
21,000 രൂപയ്‌ക്ക് താഴെ ശമ്പളമുള്ളവർക്ക് 7,000 രൂപ ബോണസും 5,000 രൂപ അഡ്വാൻസും, അതിനു മുകളിൽ ശമ്പളമുള്ളവർക്ക് ഉത്സവബത്തയായി 2,750 രൂപയും 8,000 രൂപ അഡ്വാൻസും നൽകുന്നതാണ് പാക്കേജ്. കഴിഞ്ഞ സാമ്പത്തിക വർഷം നൂറു ഡ്യൂട്ടിയെങ്കിലും ചെയ്‌തിട്ടുള്ള ഇപ്പോഴും ജോലിയിലുള്ള താത്‌കാലികക്കാർക്ക് 2,000 രൂപയും നൽകണം. ഇതിനെല്ലാം വേണ്ടത് 43.50 കോടി രൂപ. പ്രളയധനസഹായം നൽകിയതിനാൽ കഴിഞ്ഞ വർഷം ജീവനക്കാർക്ക് ബോണസ് നൽകിയിരുന്നില്ല.
കട്ടപ്പുറത്ത് ബസുകൾ1200
സ്‌പെയർ പാർട്സില്ലാത്തതിനാൽ 1200 ബസുകളാണ് കട്ടപ്പുറത്തുള്ളത്. 245 കോടി രൂപയാണ് സ്‌പെയർ പാർട്സ് എത്തിക്കുന്നവർക്ക് നൽകാനുള്ളത്. ഇത് കൊടുക്കാതെ സ്‌പെയർപാർട്സ് നൽകില്ലെന്നാണ് വിവിധ കമ്പനികളുടെ തീരുമാനം. 50 കോടിയെങ്കിലും നൽകിയാൽ തത്കാലം പിടിച്ചു നിൽക്കാം.
അവസ്ഥ ഇങ്ങനെ
മാസവരവ് - 196 കോടി
ചെലവ് - 240 കോടി
ബോണസ് പാക്കേജ് ഇങ്ങനെ
• 21,000 രൂപയ്‌ക്ക് താഴെ ശമ്പളം വാങ്ങുന്നവർ - 7,000 രൂപ ബോണസ് + 5,000 രൂപ അഡ്വാൻസ്
• അതിന് മുകളിൽ ശമ്പളമുള്ളവർക്ക് ഉത്സവബത്ത - 2,750 രൂപ + 8,000 രൂപ അഡ്വാൻസ്
• നൂറു ഡ്യൂട്ടിയെങ്കിലും ചെയ്‌തിട്ടുള്ള താത്കാലികക്കാർക്ക് - 2,000 രൂപ