sss

നെയ്യാറ്റിൻകര: വീട്ടമ്മയെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. പരശുവയ്ക്കൽ ആലമ്പാറ രോഹിണി നിവാസിൽ ശ്രീജിത്തിന്റെ ഭാര്യ ദേവികയെയാണ് (26) വട്ടവിളയ്ക്ക് സമീപം കാട്ടിലുവിളയിലെ വാടക വീട്ടിൽ ഞായറാഴ്ച രാത്രി തീ ആളിപ്പടർന്ന് മരണത്തോട് മല്ലടിക്കുന്ന നിലയിൽ സമീപ വാസികൾ കണ്ടത്. ഉടൻതന്നെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. ഭർത്താവ് ശ്രീജിത്തിനും പൊള്ളലേറ്റിരുന്നു.

നാല്പത്തിയഞ്ചു ശതമാനത്തോളം പൊള്ളലേറ്ര ശ്രീജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാറശാല പൊലീസ് ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാത്രിയിൽ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതായും ദേവിക മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നുമാണ് മൊഴി. കുമാരപുരത്തെ ഒരു ഗൈനക്കോളജിസ്റ്റിനെ ദമ്പതികൾ ശനിയാഴ്ച പോയി കണ്ടിരുന്നു. ദേവികയ്ക്ക് ഗർഭാശയ സംബന്ധമായ അസുഖം ഉള്ളതായും വിശ്രമം ആവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചിരുന്നു. ദേവികയുടെ അമ്മയെ സഹായിക്കാനായി വീട്ടിലേക്ക് വിളിക്കാനായി ശ്രീജിത്ത് ദേവികയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ശ്രീജിത്തുമായി ദേവിക വഴക്കിട്ടിരുന്നു. തുടർന്ന് നിങ്ങളാരും എന്നെ നോക്കേണ്ട എന്നുപറഞ്ഞ് വീട്ടിനുള്ളിലേക്ക് ഓടിയ ദേവികയെ ദേഹമാസകലം തീ ആളിപ്പടർന്ന നിലയിലാണ് കണ്ടതെന്ന് ശ്രീജിത്ത് പൊലീസിന് മൊഴി നൽകി.

ചെറിയകൊണ്ണി മണമ്പൂർ ശിവാലയത്തിൽ നാരായണൻകുട്ടി- ശൈലജ ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് നഴ്സിംഗ് പൂർത്തിയാക്കിയ ദേവിക. വെള്ളിയാഴ്ച ചെറിയകൊണ്ണിയിലെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ ഒരു കുപ്പി മണ്ണെണ്ണ കൂടി കൊണ്ടു വന്നത് അയൽക്കാരായ ചില സ്ത്രീകൾ കണ്ടിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരോട് അവർ വെളിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പാറശാല പൊലീസ്.