ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ പ്രദേശത്ത് വാഹനാപകടങ്ങൾ തുടർകഥയായിട്ടും അധികൃതർ പരിഹാരം കാണുന്നില്ല. റോഡ് ടാറിളകി കുഴികൾ നിറഞ്ഞിരിക്കുകയാണ്. വശങ്ങളിൽ പുല്ലും പാഴ്‌ച്ചെടികളും വളർന്ന് കാഴ്ച മറച്ചിട്ടുമുണ്ട്. കാട്ടുചെടികൾ അപകടമുണ്ടാക്കുന്നതെന്ന് തെളിഞ്ഞിട്ടും ഇത് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. ആലംകോട് മുതൽ കോരാണി വരെയുളള ഭാഗത്ത് റോഡിൽ പലയിടത്തും ടാറും മെറ്റലും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴികളിൽ വീണും ചരലിൽ തെന്നിമറിഞ്ഞുമാണ് യാത്രക്കാർ അപകടത്തിൽപ്പെടുന്നത്. കൂടാതെ റോഡിന്റെ വശങ്ങളിൽ ഒരാൾപ്പൊക്കത്തിൽ പുല്ല് വളർന്ന് നിൽക്കുകയാണ്. പാഴ്‌ച്ചെടികളുടെ ചില്ലകൾ റോഡിലേക്ക് വളർന്നിറങ്ങിയിട്ടുമുണ്ട്. ഇതുകാരണം വളവുകളിൽ എതിർ ദിശയിൽ നിന്നുവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. ആലംകോടുമുതൽ കോരാണിവരെ റോഡിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. ഇത് രാത്രികാല യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. റോഡിന്റെ വശങ്ങൾ കാണാൻ കഴിയില്ല. മാമം ഭാഗത്ത് റോഡിന്റെ ഇരുവശത്തും വലിയ കുഴിയാണ്. ഇവിടെ പുല്ല് വളർന്ന് മൂടിയിരിക്കുന്നതിനാൽ വശങ്ങളിലെ അപകടക്കെണി വാഹനമോടിക്കുന്ന അപരിചിതർക്ക് അറിയാൻ കഴിയില്ല.