തിരുവനന്തപുരം : കൊല ചെയ്യപ്പെടുന്നവർക്ക് പണവും കൊലപാതകിക്ക് സംരക്ഷണവും നൽകുന്ന രീതിയാണ് പിണറായി വിജയന്റെ ഭരണത്തിൽ നടക്കുന്നതെന്ന് ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ പറഞ്ഞു.
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ആർ.എസ്.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്കപ്പ് മർദനവും പീഡനവും കൊലപാതകവും സ്ഥിരം സംഭവമായതിനാൽ എന്ത് ജനാധിപത്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സമ്പന്നൻമാർക്കു വേണ്ടി മാത്രമാണ് സർക്കാർ പ്രവർത്തിക്കുന്നത്. സാധാരണക്കാരെ കണ്ടില്ലെന്നു നടിക്കുകയും പണക്കാരുടെ പിന്നാലെ പോകുകയും ചെയ്യുന്ന പാർട്ടി എങ്ങനെയാണ് ഇവിടെ എത്തിയതെന്നത് ആലോചിക്കണം. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്ത് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടു പോകാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അഴിമതിക്കാരെ ശിക്ഷിക്കുന്നവരുടെ കൈകളും ശുദ്ധമായിരിക്കണം. ബി.ജെ.പി സർക്കാരിനെ പ്രതിരോധിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് കഴിയുന്നില്ല. ഇടത് പക്ഷത്തിന് ഒന്നിച്ച് നിൽക്കാൻ സാധിക്കാത്തതും പ്രശ്നമാണ്. ഏകാധിപത്യ പ്രവണതകൾ ഇല്ലാതാക്കാനായി ഇടത് പക്ഷം മുൻകൈ എടുക്കണമെന്നും ചന്ദ്രചൂഡൻ ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് വിശ്വാസികളെ കൂടെക്കൂട്ടാൻ സി.പി.എം ഇറങ്ങിയിരിക്കുന്നതെന്ന് എം.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. സമ്പന്നൻമാരുടെ മണിക്കിലുക്കത്തിന് ഒപ്പം സഞ്ചരിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമാണിവിടെയുള്ളത്. തിരഞ്ഞെടുപ്പുകളിൽ ജയിക്കാനായി ജനങ്ങളെ കബളിപ്പിക്കാനുള്ള വേലകളാണ് എ.കെ.ജി സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടത്തിയ യോഗങ്ങളിൽ ചർച്ച ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിബുബേബിജോൺ, ബാബുദിവാകരൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്. സത്യപാലൻ, കൊല്ലം ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ്, എറണാകുളം ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, ഇടുക്കി ജില്ലാ സെക്രട്ടറി ബേബി തുടങ്ങിയവർ സംസാരിച്ചു.