തിരുവനന്തപുരം: വീടും സ്ഥലവുമില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം നടപ്പാക്കാതെ സർക്കാർ പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ മന്ത്രി എ.സി. മൊയ്‌തീന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. ദേവസ്വം ബോർഡ് ജംഗ്ഷനിൽ മാർച്ച് പൊലീസ് തടഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പദ്ധതിയുടെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വാക്കുപാലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാരിക്കേഡ് മറികടന്ന് കൗൺസിലർമാർ മന്ത്രിയുടെ വീട്ടിലേക്ക് പോകാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെ കൗൺസിലർമാരും പൊലീസും തമ്മിൽ വാക്കേറ്റമായി. കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. ഇവരെ എ.ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. യു.ഡി.എഫ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ ജി. അനിൽകുമാർ,​ കക്ഷി നേതാക്കളായ ബീമാപള്ളി റഷീദ്, ജോൺസൺ ജോസഫ്, വി.ആർ. സിനി, ആർ.എസ്. മായ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.