1

വിഴിഞ്ഞം: കോവളം സഞ്ചാര തീരത്ത് കൂടുതൽ കാമറകൾ സ്ഥാപിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ സ്ഥാപിച്ചു തുടങ്ങും. നിലവിൽ പൊലീസിന്റെ ഉൾപ്പെടെ 53 കാമറകൾ ഇവിടെ ഉണ്ട്. ലൈറ്റ് ഹൗസ് ബീച്ച് പ്രവേശന കവാടം, ബീച്ച് റോഡിലെ ബിവറേജസ് ഔട്ട്ലറ്റിനു മുൻവശം, ആഴാകുളത്ത് ആന്ധ്രാ ബാങ്കിനു മുൻവശം, കോവളം ജി.വി.രാജാ റോഡിൽ കണ്ണങ്കോട്, വെള്ളാർ, വാഴമുട്ടം, എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. നിരന്തരം അപകടം നടക്കുന്ന വെള്ളാറിലും, വാഴമുട്ടത്തും കാമറകൾ സ്ഥാപിക്കുന്നതോടെ ഇവിടെ ഗതാഗത ലംഘനം ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. 24 മണിക്കൂറും ഇവ കോവളം പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ കൺട്രോൾ റൂമിൽ നിരീക്ഷിക്കും. കഴിഞ്ഞ വർഷം 50 ലക്ഷം രൂപാ ചെലവിൽ കോവളം ടൂറിസം മേഖലയാകെ 50 നീരീക്ഷണ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്താകെ 56.3 ലക്ഷം രുപാ ചെലവിൽ സുരക്ഷാ മുന്നറിയിപ്പു നൽകുന്ന അലാറം പദ്ധതിയും നടപ്പിലായിട്ടുണ്ട്. 32 ലക്ഷം രൂപാ ചെലവിൽ 48 യൂണിറ്റുകൾ അടങ്ങുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം തീരത്ത് സ്ഥാപിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഇൻഡസ്ന്റസ്ട്രീസ് എന്റർപ്രൈസസ് ലിമിറ്റഡ് കമ്പനിയാണ് നവീകരണ ജോലികൾക്ക് നേതൃത്വം നൽകുന്നത്. കാമറകൾ കൂടുതൽ സ്ഥാപിക്കുന്നതോടെ കോവളത്തും പരിസരത്തുമുള്ള കുറ്റകൃത്യങ്ങളും ലഹരി വില്പനയും കുറയുമെന്നാണ് പൊലീസ് പറയുന്നത്.