shashi-taroor

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള തന്റെ പ്രതികരണം മോദി സ്തുതിയായി വ്യാഖ്യാനിച്ച് വിമർശിക്കുന്ന ആൾ താൻ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരണമെന്ന് പണ്ട് ഉപദേശിച്ചയാളാണെന്നും ഇതേ ആൾ വർഷങ്ങളോളം പാർട്ടിയെ ആക്രമിച്ചുകൊണ്ടിരുന്ന ശേഷം തിരിച്ചെത്തിയിട്ട് എട്ട് വർഷമേ ആയുള്ളൂ എന്നത് വിരോധാഭാസമാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. കെ. മുരളീധരനെ പേരെടുത്ത് പറയാതെയായിരുന്നു തരൂരിന്റെ പരിഹാസം. ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ നൽകിയ ലേഖനത്തിലാണ് തരൂരിന്റെ പ്രതികരണം.

മോദിക്കെതിരായ നമ്മുടെ വിമർശനം അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ വല്ലപ്പോഴും അതിനെ അംഗീകരിച്ച് കൊണ്ടുകൂടിയാവണമെന്ന് താൻ പറഞ്ഞത് മോദി സ്തുതിയാണോ?

മോദി എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന് വോട്ടർമാർ ചിന്തിക്കുന്നുണ്ടെങ്കിൽ നമ്മളത് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞുകൊണ്ട് അതിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടണം. മോദി കക്കൂസുകൾ നിർമ്മിച്ചു നൽകിയപ്പോൾ അതിൽ അറുപത് ശതമാനം പേർക്കും വെള്ളമെത്തിയിട്ടില്ല. ദരിദ്ര ഗ്രാമീണസ്ത്രീകൾക്ക് അദ്ദേഹം ഗ്യാസ് സിലിണ്ടറുകൾ അനുവദിച്ചു. പക്ഷേ അതിലെ 92 ശതമാനത്തിനും റീഫിൽ ചെയ്യുന്നതിന് ശേഷിയില്ല. പക്ഷേ മോദി ഒന്നും ചെയ്യുന്നില്ലെന്ന് നമ്മൾ പറയുകയും ജനങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്താൽ ജനങ്ങൾ വിഡ്ഢികളാണെന്ന് പറയുന്നതിന് തുല്യമാകുമത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വിമർശനമാണ് വേണ്ടതെന്നും തരൂർ വ്യക്തമാക്കി.