ആറ്റിങ്ങൽ: മോഷണക്കേസുകളിൽ പ്രതികളായ മൂന്ന് യുവാക്കളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇരവിപുരം പള്ളിമുക്ക് മാളികപുരയിടം വീട്ടിൽ അമീർ (22), കൊല്ലം പള്ളിമുക്ക് വടക്കേവിള തേജസ് നഗർ സജീർ മൻസിലിൽ മുഹമ്മദ് താരിഖ് (20), കൊല്ലം മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ തൻസിം (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ആലംകോട് എസ്.ബി.ഐക്ക് സമീപം വഴിയാത്രക്കാരനെ ഇടിച്ച് പരിക്കേല്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇവർ മോഷ്ടിച്ച ബൈക്കിന്റെ നമ്പർ മാറ്റി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.