ബാലരാമപുരം: സംസ്ഥാനസർക്കാരിന്റെ ഓണാഘോഷ വേദിയായ പള്ളിച്ചൽ പഞ്ചായത്തിൽ പൂങ്കോട് വാർഡിലെ വെട്ടുബലിക്കുളം കാടുകയറി നശിക്കുകയാണ്. പഞ്ചായത്തിലെ ഓണക്കാലബോട്ട് സർവീസിന്റെ സ്ഥിരം വേദിയായ മൂന്നേക്കറിൽ സ്ഥിതി ചെയ്യുന്ന വെട്ടുബലിക്കുളം എത്രയും വേഗം നവീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. 2009ൽ രേണുകാ ശരത് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കവെ പൂങ്കോട് വാർഡ് മെമ്പറായിരുന്ന സി.ആർ. സുനുവിന്റെ നേതൃത്വത്തിൽ ആണ് മടവൂർപ്പാറ ബോട്ട് ക്ലബ് കമ്മിറ്റി രൂപീകരിച്ചത്. സിനിമാതാരം സുരേഷ് ഗോപി ബോട്ട്ക്ലബിന്റെ ഉദ്ഘാടനം നിർവഹിക്കുകയും കേരളീയം കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പരിപാടിയുടെ മുഖ്യസംഘാടകരാവുകയും ചെയ്തു. സാങ്കേതിക കാരണങ്ങളാൽ 2016ലും പ്രളയത്തെതുടർന്ന് 2018 ലും ബോട്ട് സർവീസ് മുടങ്ങിയിരുന്നു. എന്നാൽ ഇക്കുറി സംസ്ഥാനസർക്കാരിന്റെ അനുമതിയോടെ ബോട്ട് സർവീസ് നടത്താൻ തീരുമാനിച്ചെങ്കിലും വെട്ടുബലിക്കുളത്തിന്റെ നവീകരണജോലികൾ ഇതുവരെയും പൂർത്തിയായിട്ടില്ല. വർഷാവർഷം ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ബോട്ട് സർവീസ് പൂങ്കോട് നിവാസികൾ ഉത്സവംപോലെയാണ് ആഘോഷിക്കുന്നത്. ഒപ്പം ഓണാഘോഷപരിപാടികളും ബോട്ട് ക്ലബ് അങ്കണത്തിന് സമീപം നടക്കാറുണ്ട്.