sfi

തിരുവനന്തപുരം : ബാർട്ടണൺഹിൽ ലാ കോളജിൽ രണ്ടാം ദിവസവും എസ്.എഫ്‌.ഐ– കെ.എസ്.യു പ്രവർത്തകരുടെ തമ്മിലടി. തിങ്കളാഴ്ചത്തെ അക്രമത്തിനു പിന്നാലെ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു,​ പ്രവർത്തകരായ ആഷ്‌മി,അരുൺ.സി.വിജയൻ,ഗോകുൽ അഭിജിത്ത്, അഖിൽ സന്തോഷ്, ക്രിസ്റ്റി സജി എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.

കെ.എസ്.യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എസ്.എഫ്‌.ഐ–കെ.എസ്.യു പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ആക്രമണത്തിനായി ബിയർ കുപ്പികളും വടികളും എത്തിച്ച കാർ കോളേജ് വളപ്പിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കോളേജിൽ ക്ലാസും പരീക്ഷയും നടക്കുന്നതിനിടെയായിരുന്നു അക്രമം.

തിങ്കളാഴ്ച ഒന്നാം വർഷ വിദ്യാർത്ഥികളെ കെ.എസ്.യു പ്രവർത്തകർ റാഗ് ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും എസ്.എഫ്.ഐ പ്രവർത്തകന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. ഇന്നലെ ആയുധങ്ങളുമായി സംഘടിച്ച് കെ.എസ്.യു പ്രവർത്തകർ കാമ്പസിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ എതിർപക്ഷം മർദ്ദിച്ചെന്നാരോപിച്ച് എസ്.എഫ്‌.ഐക്കാരും സംഘടിച്ചതോടെ സംഘ‍ർഷം ഏറ്റുമുട്ടലിൽ കലാശിച്ചു. ക്ളാസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ മുറികളിൽ അഭയം തേടി.

ഇതിനിടെ പൊലീസ് എത്തി ഇരുകൂട്ടരെയും വിരട്ടിയോടിക്കുകയും കാമ്പസിൽ നടത്തിയ പരിശോധനയിൽ കാർ പിടിച്ചെടുക്കുകയും ചെയ്തു. റാംഗിംഗ് ആരോപിച്ച് ഒരു വിദ്യാർത്ഥിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു.