jose-k-mani

തിരുവനന്തപുരം: പാലായിൽ യു.ഡി.എഫിന് ജയസാദ്ധ്യതയും പൊതുസ്വീകാര്യതയുമുള്ള സ്ഥാനാർത്ഥി തന്നെയാവണമെന്ന നിലപാട് ശക്തിപ്പെടുത്തി പി.ജെ. ജോസഫ് വിഭാഗം കരുനീക്കങ്ങൾ മുറുക്കിയതോടെ എങ്ങനെയും തർക്കപരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ഊർജ്ജിതമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം ഏറ്റെടുക്കേണ്ടി വരുന്ന ആദ്യ വെല്ലുവിളി എന്ന നിലയ്ക്ക് പാലായിലെ വിജയപ്രതീക്ഷയ്ക്ക് നേരിയ മങ്ങൽ പോലുമുണ്ടാകരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലെ തർക്കം കോൺഗ്രസ് നേതൃത്വത്തെ അലട്ടുന്നതും അതിനാലാണ്. ഈ സാഹചര്യത്തിൽ ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ച് കൊണ്ടുപോകാനായി 30ന് ഉഭയകക്ഷി ചർച്ചയ്ക്ക് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. 30നും 31നുമായി ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. സെപ്തംബർ നാല് വരെയാണ് പത്രികാസമർപ്പണത്തിനുള്ള സമയം.

കെ.എം. മാണിയുടെ നിര്യാണം സൃഷ്ടിച്ച സഹതാപതരംഗം പാലായിൽ അലയടിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മാണി 54 വർഷമായി കൊണ്ടുനടന്ന പാലായിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ ആ വൈകാരികബന്ധം കണക്കിലെടുക്കണമെന്നാണ് ജോസ് കെ. മാണി പക്ഷം പറയുന്നത്. നിഷ ജോസ് കെ. മാണിയെ അവർ അവതരിപ്പിക്കുന്നതും അതിനാലാണ്.

ജോസ് വിഭാഗത്തിന്റെ ഈ നീക്കത്തിന് തടയിടാനാണ് ജയസാദ്ധ്യതയും പൊതുസ്വീകാര്യതയുമുള്ള സ്ഥാനാർത്ഥി തന്നെ വേണമെന്ന് ജോസഫ് വിഭാഗം പരസ്യമായി പ്രഖ്യാപിക്കുകയും അതിനുള്ള കൂടിയാലോചനകൾ സജീവമാക്കുകയും ചെയ്യുന്നത്. കേരള കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ഇ.ജെ. ആഗസ്തിയുടെ പേരുയർത്തിക്കാട്ടിയാണ് അവരുടെ നീക്കം. മാണിയോട് ഏറെ അടുപ്പം പുലർത്തിവന്ന നേതാവാണ് ആഗസ്തി.

രണ്ട് വിഭാഗവും അവരുടെ കരുത്ത് കാട്ടാനുള്ള അവസരമാക്കി പാലാ ഉപതിരഞ്ഞെടുപ്പിനെ ഉപയോഗിക്കാൻ നീക്കമാരംഭിച്ചിരിക്കെ, ഏതെങ്കിലുമൊരു വിഭാഗത്തെ അനുനയിപ്പിച്ച് വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിക്കുകയെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി. 30ന് ഇരു കൂട്ടരുമായും വെവ്വേറെ ചർച്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇടത് തീരുമാനം ഇന്ന്

അതിനിടെ, പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. എൻ.സി.പി മത്സരിച്ചുവന്ന സീറ്റ് അവർക്ക് തന്നെ വിട്ടുനൽകാൻ ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന ഇടതുമുന്നണിയോഗം ഔപചാരികമായി തീരുമാനിക്കും. രാവിലെ എൻ.സി.പി സംസ്ഥാനസമിതി ചേർന്ന് സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യും. മാണി സി.കാപ്പൻ തന്നെ വരുമെന്നാണ് സൂചന.

എൻ.ഡി.എ തീരുമാനം 30ന്

പാലായിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥിത്വക്കാര്യത്തിൽ 30ന് എറണാകുളത്ത് ചേരുന്ന മുന്നണിനേതൃയോഗമാണ് തീരുമാനമെടുക്കുക. കഴിഞ്ഞതവണ ബി.ജെ.പി മത്സരിച്ച സീറ്റ് ഇക്കുറിയും അവർ തന്നെ ഏറ്റെടുക്കാനാണ് സാദ്ധ്യത. എന്നാൽ പി.സി. തോമസ് സീറ്റിന് അവകാശവാദവുമായി എത്തിയിട്ടുണ്ട്. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രൻ വേണമെന്ന് വാദിച്ച പി.സി. ജോർജും തോമസിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ സ്ഥിതിക്ക് എൻ.ഡി.എ തീരുമാനം നിർണായകമാണ്.