abhaya

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിന്റെ വിചാരണയുടെ രണ്ടാം ദിവസവും പ്രത്യേക സി.ബി.എെ കോടതിയിൽ ഒരു സാക്ഷി കൂറുമാറി. കേസിലെ നാലാം സാക്ഷിയും അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിന് തൊട്ടടുത്ത വീട്ടിലെ താമസക്കാരനുമായ സഞ്ചു പി. മാത്യുവാണ് കൂറുമാറി പ്രതിഭാഗം ചേർന്നത്. ആദ്യ ദിവസം സിസ്റ്റർ അനുപമ കൂറുമാറിയിരുന്നു.

പരീക്ഷക്കാലമായതിനാൽ അഭയ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി 12 മണി വരെ പഠിക്കുകയായിരുന്നു. 11.30 ന്‌ കാപ്പി കുടിക്കാൻ ജില്ലാ ആശുപത്രിക്കു സമീപം പോയി 12ന്‌ മടങ്ങിവന്നു. മടങ്ങിവരുമ്പോൾ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് എം. കോട്ടൂരിന്റെ സ്കൂട്ടർ ഇടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു എന്നാണ് സഞ്ചു സി.ബി.എെക്ക് മൊഴി നൽകിയിരുന്നത്. ഈ മൊഴിയാണ് സഞ്ചു കോടതിയിൽ മാറ്റിപ്പറഞ്ഞത്. സഞ്ചുവിന്റെ പിതാവ് നടത്തിവന്ന സർവീസ് സ്റ്റേഷനിൽ അദ്ദേഹത്തിന്റെ വാഹനം സർവീസ് ചെയ്യാൻ എത്താറുണ്ടായിരുന്നു. അങ്ങനെ ഫാദർ കോട്ടൂരിനെ നല്ല പരിചയം ഉണ്ട്. അദ്ദേഹത്തിന്റെ വാഹനം എവിടെ കണ്ടാലും തിരിച്ചറിയാൻ കഴിയുമെന്നും സി.ബി.എെക്ക് മൊഴി നൽകിയിരുന്നു. ഈ മൊഴികളെല്ലാം സഞ്ചു മാറ്റിപ്പറഞ്ഞു.

സിസ്റ്രർ സെഫി പലപ്പോഴും തന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അപ്നദേശ് എന്ന മാസിക തരാനാണ് വന്നിരുന്നത്. അപ്നദേശിന്റെ എഡിറ്രർ കേസിലെ പ്രതിസ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ട ഫാദർ ജോസ് പൂതൃക്കയിൽ ആയിരുന്നുവെന്നും സഞ്ചു മൊഴി നൽകി.

സിസ്റ്റർ സെഫിയും ഫാദർ കോട്ടൂരും തമ്മിൽ നല്ല ബന്ധമായിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് സി.ബി.എെയോട് പറഞ്ഞിട്ടില്ലെന്നും സഞ്ചു കോടതിയെ അറിയിച്ചു. കോൺവെന്റും തന്റെ വീടും തമ്മിൽ വേർതിരിക്കുന്ന മതിലിന് നാലര അടി ഉയരം മാത്രമേ ഉളളൂവെന്നും അതുവഴി കോൺവെന്റിലേക്ക്‌ കടക്കാൻ സാധിക്കുമോ എന്ന് അറിയാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ നവാസിന്റെ ചോദ്യത്തിന് സഞ്ചു മറുപടി നൽകി.

വിസ്താര വേളയിൽ പ്രതിഭാഗം അഭിഭാഷകനെ നോക്കിയുളള സഞ്ചുവിന്റെ മറുപടികൾ കോടതി വിലക്കി. സി.ബി.എെ തന്നെ ശാരീരികമായും മാനസികമായും കടുത്ത രീതിയിൽ ഉപദ്രവിച്ചിരുന്നു. സി.ബി.എെയെ ഭയന്ന് അവർ പറഞ്ഞപോലെ മജിസ്ട്രേട്ടിന് മൊഴി നൽകിയതായും ഇയാൾ പറഞ്ഞു. ഈ പ്രസ്താവന കോടതിയെ ക്ഷുഭിതനാക്കി. സമൻസ് കിട്ടിയതിന്റെ അടിസ്ഥാനത്തിലല്ലേ നിങ്ങൾ കോടതിയിൽ എത്തി മജിസ്ട്രേട്ടിന് രഹസ്യ മൊഴി നൽകിയതെന്ന് കോടതി ആരാഞ്ഞു. കോടതിയുടെ ചോദ്യങ്ങൾക്ക് അതേ എന്ന മറുപടി മാത്രമാണ് നൽകിയത്. സി.ബി.എെയെ ഭയന്ന് മൊഴിമാറ്റി എന്ന് പറഞ്ഞ നിങ്ങൾക്ക് ഇപ്പോൾ ആ ഭയം ഇല്ലേയെന്നും കോടതി ചോദിച്ചു. ഇപ്പോൾ ഭയം മാറി എന്ന വിചിത്രമായ മറുപടിയാണ് സഞ്ചു നൽകിയത്.

കേസിൽ നിലവിൽ വിചാരണ നേരിടുന്ന ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ സഞ്ചു കോടതിയിൽ തിരിച്ചറിഞ്ഞു.