ഭുവനേശ്വർ : അടുത്തകൊല്ലം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന് മുഖ്യ വേദിയാകാൻ ഒഡീഷയിലെ കലിംഗ സ്റ്റേഡിയം തയ്യാറാകുന്നു,
പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഫിഫ അധികൃതർ കലിംഗ സ്റ്റേഡിയത്തിന് ഇന്നലെ താത്കാലിക അനുമതി നൽകി. ഈ വർഷാവസാനം നടക്കുന്ന അന്തിമ പരിശോധനയ്ക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
ഇന്ത്യയിലേക്ക് എത്തുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും 2020 ലേത്. നേരത്തേ 2017ൽ പുരുഷൻമാരുടെ അണ്ടർ 17 ലോകകപ്പ് കൊച്ചിയടക്കമുള്ള ഇന്ത്യൻ വേദികളിലായി നടന്നിരുന്നു. അന്ന് കലിംഗ സ്റ്റേഡിയത്തിൽ വേദിയുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഹോക്കി ലോകകപ്പിനും 2017-ൽ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും കലിംഗ സ്റ്റേഡിയം ആതിഥ്യം വഹിച്ചിരുന്നു.