u-s-open-federer-sumit-na
u s open federer sumit nagal

ഫെഡററോട് 'ചീറ്റി' നാഗൽ പുറത്തേക്ക്

ന്യൂയോർക്ക് : തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ളാം മത്സരത്തിൽ തോറ്റശേഷം എതിരാളിക്ക് കൈകൊടുത്ത് മടങ്ങുമ്പോൾ ഇന്ത്യൻതാരം സുമിത് നാഗലിന്റെ മനസിൽ അഭിമാനമായിരുന്നു. ആരും കൊതിക്കുന്ന ഒരു ഗ്രാൻസ്ളാം അരങ്ങേറ്റമാണ് സുമീത് ന്യൂയോർക്കിൽ നടത്തിയത്. ഏറ്റവുംകൂടുതൽ ഗ്രാൻസ്ളാം കിരീടം നേടിയിട്ടുള്ള റോജർ ഫെഡറർക്കെതിരെ ആദ്യ സെറ്റ് നേടിയശേഷമാണ് നാഗൽ കീഴടങ്ങിയത്. 6-4, 1-6, 2-6, 4-6 എന്ന സ്കോറിനായിരുന്നു നാഗലിന്റെ തോൽവി. രണ്ട് മണിക്കൂറും 50 മിനിട്ടും ഫെഡററെ വിറപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് 24 കാരനായ നാഗലിന്റെ ഏറ്റവും വലിയ നേട്ടം. ന്യൂയോർക്കിൽ അഞ്ചു തവണ ജേതാവായിട്ടുള്ള ഫെഡറർ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം നാഗലിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ആരംഭിച്ച യു.എസ് ഓപ്പണിൽ പുരുഷ സിംഗിൾസിൽ പ്രമുഖരായ നൊവാക്ക് ജോക്കോവിച്ച് സ്റ്റാൻസിലാസ് വാവ്റിങ്ക, കെയ് നിഷികോറി, ഒപെൽക്ക തുടങ്ങിയവർ ആദ്യ റൗണ്ടിൽ വിജയം നേടി. നിലവിലെ ഒന്നാം നമ്പർ താരമായ നൊവാക്ക് ജോക്കോവിച്ച് ആദ്യ റൗണ്ടിൽ സ്പാനിഷ് താരം കാർബല്ലാസ് ബയേനയെ 6-4, 6-1, 6-4 നാണ് കീഴടക്കിയത്. വാവ്റിങ്ക 6-3, 7-6, 4-6, 6-3 ന് സിന്നറെ കീഴടക്കി.

സിംഗിൾസിൽ മത്സരിക്കാനിറങ്ങിയ മറ്റൊരു ഇന്ത്യൻ താരം പ്രജ്‌നേഷ് ഗുണേശ്വരനും ആദ്യ റൗണ്ടിൽ തോൽവിയായിരുന്നു ഫലം. അഞ്ചാം സീഡ് ഡാനിൽ മെദ്‌വദേവ് 6-4, 6-1, 6-2 നാണ് പ്രജ്‌നേഷിനെ കീഴടക്കിയത്.

വനിതാ സിംഗിൾസിൽ മുൻ ഒന്നാം നമ്പർ താരങ്ങളായ സെറീന വില്യംസും മരിയ ഷറപ്പോവയും തമ്മിൽ നടന്ന മത്സരത്തിൽ സെറീന 6-1, 6-1 എന്ന സ്കോറിന് വിജയിച്ചു. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ആഷ്ലി ബാർട്ടി, മൂന്നാം സീഡ് കരോളിന പ്ളിസ്കോവ, വീനസ് വില്യംസ്, മാഡിസൺ കെയ്സ് എന്നിവർ ആദ്യ റൗണ്ടിൽ വിജയം നേടിയപ്പോൾ മുൻ ഒന്നാം നമ്പർ താരം ഏൻജലിക് കെർബറെ 7-5, 6-0, 6-4 എന്ന സ്കോറിന് മ്ളാഡനോവിച്ച് അട്ടിമറിച്ചു.