cm

തിരുവനന്തപുരം: വാർത്ത സത്യസന്ധവും വസ്തുതാപരവുമാകണമെന്നും കൊല്ലാനല്ലാതെ നന്നാക്കാനായി വിമർശിക്കുക എന്ന പാഠം മലയാള മാദ്ധ്യമലോകം മനസിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കെ.വിജയരാഘവൻ സ്‌മാരക സമിതി ഏർപ്പെടുത്തിയ കെ.വിജയരാഘവൻ സ്‌മാരക പുരസ്കാരം മാദ്ധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാഡമി ചെയർമാനുമായ ആർ.എസ്.ബാബുവിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

വൈകാരികമായ വിപ്ളവം ഉണ്ടാക്കുന്ന സെൻസേഷണൽ വാർത്തകളിലല്ല, യാഥാർത്ഥ്യങ്ങളുടെ അടിത്തറയിൽ നിൽക്കുന്ന വാർത്തകളിലാണ് പത്രപ്രവർത്തകർ എത്തിച്ചേരേണ്ടത് എന്ന പാഠമാണ് കേരളകൗമുദി മുൻ അസോസിയേറ്റ് എഡിറ്റർ വിജയരാഘവന്റെ പത്രപ്രവർത്തന ജീവിതം ഓർമ്മിപ്പിക്കുന്നത്.

സോഷ്യൽ മീഡിയ വ്യാപകമായപ്പോൾ വന്ന വലിയ മാറ്റം, വാർത്തകൾക്ക് മുമ്പുണ്ടായിരുന്ന ഉത്തരവാദിത്വം ഇല്ലാതായി എന്നതാണ്. സോഷ്യൽമീഡിയയിലെ വാർത്തകൾക്ക് പ്രത്യക്ഷത്തിൽ ആരോടും ഉത്തരവാദിത്വമില്ല. പ്രതിലോമകരമായ വാർത്തകൾ പരക്കുമ്പോൾ അതിന്റെ നിജസ്ഥിതി അറിയാനും അറിയിക്കാനും ഉള്ള ചുമതല പ്രിന്റ്, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കുണ്ട്.

എന്നാൽ വ്യവസ്ഥാപിത മാദ്ധ്യമങ്ങൾ തമസ്‌കരിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ വഴിയാണ് ജനം അറിയുന്നത്. അറിയിക്കാനുള്ള മാദ്ധ്യമങ്ങളുടെ അവകാശം പോലെ തന്നെ പ്രധാനമാണ് സത്യം അറിയാനുള്ള വായനക്കാരന്റെയും പ്രേക്ഷകന്റെയും അവകാശവും.

കേരളകൗമുദിയുടെ യശസുയർത്തുന്നതിനും മലയാള പത്രലോകത്തെ നവീകരിച്ച് മൂല്യവത്താക്കുന്നതിനും വലിയ പങ്കാണ് വിജയരാഘവൻ വഹിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ ബോധത്തെ ഉണർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ.

വർഗീയ പിരിമുറുക്കത്തിന്റെ സന്ദർഭങ്ങളിൽ മത മൈത്രിയും സാഹോദര്യവും ഊട്ടിഉറപ്പിക്കുന്ന വിധത്തിൽ കേരളത്തിലെ പത്രാധിപന്മാരും പത്രപ്രവർത്തകരും ഇടപെട്ടതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു പഴയ നിലയ്‌ക്കൽ സംഭവം.

നിപ ബാധയുണ്ടായപ്പോൾ സമൂഹത്തിൽ ഉത്കണ്ഠ പടരാതിരിക്കാനും സർക്കാരിനെ സഹായിക്കാനുമുള്ള ശ്രമം മാദ്ധ്യമങ്ങളിൽ നിന്നുണ്ടായി. സംസ്ഥാനം ദുരന്തം നേരിട്ടപ്പോഴൊക്കെ മാദ്ധ്യമങ്ങൾ പോസിറ്റീവായ നിലപാട് എടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നയാപൈസ നൽകരുത് എന്ന് ചിലർ പറഞ്ഞപ്പോൾ മാദ്ധ്യമങ്ങൾ അതിനെ എതിർത്തു. കേരളത്തിന്റെ പൊതുതാത്പര്യം ഉയർത്തിപ്പിടിക്കുന്ന ഇത്തരം സമീപനമാണ് സമൂഹം മാദ്ധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സ്‌മാരക സമിതിയുടെ ഉപഹാരം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമർപ്പിച്ചു.

സ്‌മാരക സമിതി പ്രസിഡന്റ് കെ.ജി.പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം.സുബൈർ പ്രശസ്തിപത്രം വായിച്ചു. സ്‌മാരക സമിതി സെക്രട്ടറിയും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ വി.എസ്.രാജേഷ് സ്വാഗതവും ട്രഷറർ കെ.ജി.ഗോപ്ചന്ദ്രൻ നന്ദിയും പറഞ്ഞു.

അവാർഡു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക്

അവാർഡ് തുകയായ 20,000 രൂപയും സ്വന്തം കൈയിൽ നിന്ന് 30,000 രൂപയും ചേർത്ത് 50,000 രൂപ ആർ.എസ്.ബാബു വേദിയിൽ വച്ചു തന്നെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്കു കൈമാറി.