india-cricket-ranking
india cricket ranking

ദുബായ് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ 318 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റ് ബാറ്റ്‌സ്‌മാൻ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയും ഒന്നാം റാങ്കിൽ തുടരുകയാണ്.

113 റേറ്റിംഗ് പോയിന്റുമായാണ് ടീം റാങ്കിംഗിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനം.

109 പോയിന്റുള്ള ന്യൂസിലൻഡാണ് രണ്ടാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്ക (108), ഇംഗ്ളണ്ട് (105), ആസ്ട്രേലിയ (98) എന്നിവരാണ് മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.

910 പോയിന്റുമായാണ് കൊഹ്‌ലി ബാറ്റ്സ്‌മാൻമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്.

904 പോയിന്റുള്ള ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് രണ്ടാം സ്ഥാനത്ത്. കേൻ വില്യംസൺ, ചേതേശ്വർ പുജാര എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

ആന്റിഗ്വ ടെസ്റ്റിൽ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടി മാൻ ഒഫ് ദ മാച്ചായ അജിങ്ക്യ രഹാനെ 10 പടവുകൾ ഉയർന്ന് 11-ാം സ്ഥാനത്തെത്തി.

ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഏഴ് റൺസ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ ഒൻപത് പടവുകൾ ഉയർന്ന് കരിയർ ബെസ്റ്റായ ഏഴാം റാങ്കിലെത്തി. ആദ്യമായാണ് ബുംറ ടോപ് ടെന്നിലെത്തുന്നത്.

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ അവിസ്മരണീയ സെഞ്ച്വറിയതുമായി ഇംഗ്ളണ്ടിന് ചേസിംഗ് വിജയം സമ്മാനിച്ച ബെൻ സ്റ്റോക്സ് ബാറ്റ്‌സ്‌മാൻമാരുടെ പട്ടികയിലും (13), ആൾ റൗണ്ടർമാരുടെ പട്ടികയിലും (2) കരിയർ ബെസ്റ്റ് പൊസിഷനിലെത്തി.

രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച മുതൽ

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടു മത്സര പരമ്പരയിലെ അവസാന ടെസ്റ്റ് വെള്ളിയാഴ്ച ജമൈക്കയിൽ തുടങ്ങും. ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം തോൽക്കാതിരുന്നാൽ പരമ്പര സ്വന്തമാകും.