തിരുവനന്തപുരം: കുറ്റിപ്പുറം പൊലീസ് സ്റ്രേഷനിലെ മോഷണ കേസ് പ്രതി തമ്പാനൂരിൽ പിടിയിലായി. പൂന്തുറ മാണിക്കവിളാകം ആശാ മൻസിലിൽ സൽമാനെയാണ് (30) തമ്പാനൂർ പൊലീസ് പിടികൂടിയത്. കുറ്റിപ്പുറം കുറുമ്പത്തൂർ അത്തിക്കാട്ടിൽ വീട്ടിൽ പച്ചക്കറി മൊത്തവ്യാപാരിയായ ശിഹാബുദീനോട് കുറ്റിപ്പുറം ഹൈസ്കൂൾ റോഡിൽ വച്ച് ബൈക്കിന് ലിഫ്റ്റ് ചോദിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന 3.72 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയാണ് സൽമാൻ. ഇന്റേണൽ സെക്യൂരിറ്റിയുടെ ഭാഗമായി തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡ് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെ തമ്പാനൂർ സി.ഐ അജയ്‌കുമാർ, എസ്.ഐമാരായ ജിജുകുമാർ, അരുൺ രവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കുറ്റിപ്പുറം പൊലീസിന് കൈമാറുമെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.