india-a-cricket
india a cricket

# ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള പരമ്പര നാളെ സ്പോർട്സ് ഹബിൽ തുടങ്ങുന്നു

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ വീണ്ടും ക്രിക്കറ്റിന്റെ ആരവം. ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക എ ടീമും തമ്മിലുള്ള ഏകദിന, ടെസ്റ്റ് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. അഞ്ച് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റുകൾക്കുമായാണ് ദക്ഷിണാഫ്രിക്ക എത്തിയിരിക്കുന്നത്. ഇതിൽ അവസാന ടെസ്റ്റ് മൈസൂരിലാണ് നടക്കുന്നത്.

ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യൻ സീനിയർ താരം മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളിൽ മറുനാടൻ മലയാളി താരം ശ്രേയസ് അയ്യരുമാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ മലയാളിതാരം സഞ്ജു സാംസണിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ സീനിയർ ടീമിലെ താരങ്ങളായ ക്രുനാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, ശുഭ്‌മാൻഗിൽ, വാഷിംഗ്ടൺ സുന്ദർ, വിജയ് ശങ്കർ, റിക്കി ഭുയി, ശാർദ്ദൂൽ താക്കൂർ, അക്ഷർ പട്ടേൽ, നിതീഷ് റാണ, യുസ്‌വേന്ദ്ര ചഹൽ, ദീപക് ചഹർ തുടങ്ങിയവരും ഇന്ത്യ എ ടീമിൽ അണിനിരക്കും.

സെപ്തംബർ ഒൻപത് മുതൽ 12 വരെയാണ് കാര്യവട്ടത്തെ ആദ്യ ടെസ്റ്റ്.

രാഹുൽ ദ്രാവിഡാണ് ഇന്ത്യ എ ടീമിന്റെ പരിശീലകൻ.

ഇന്നലെ ഇരു ടീമുകളും സ്പോർട്സ് ഹബിൽ പരിശീലനത്തിനിറങ്ങി.

കാര്യവട്ടത്തെ കളികൾ

ആഗസ്റ്റ് 29 - ഒന്നാം ഏകദിനം

ആഗസ്റ്റ് 31 - രണ്ടാം ഏകദിനം

സെപ്തംബർ 2 - മൂന്നാം ഏകദിനം

സെപ്തംബർ 4 നാലാം ഏകദിനം

സെപ്തംബർ 6 അഞ്ചാം ഏകദിനം

സെപ്തംബർ 9 - 12 ആദ്യ ടെസ്റ്റ്