murali

ഉള്ളൂർ: പോങ്ങുംമൂട് സ്വദേശിനിയുടെ ഒന്നേകാൽ പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ മോഷ്‌ടാവിനെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിലെ പ്രതി വെഞ്ഞാറമൂട് സ്വദേശി മുരളിയെയാണ് (46) മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. പോങ്ങുംമൂട് സ്വദേശി സതികുമാരി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സംഭവശേഷം കടന്നുകളഞ്ഞ പ്രതി ഇന്നലെ ഉച്ചക്ക് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വീണ്ടും മോഷണത്തിന് ശ്രമിക്കുമ്പോൾ സി.ഐ അരുൺ കെ.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ മനു എന്നിവർ ചേർന്ന് മെഡിക്കൽ കോളേജ് പരിസരത്തുനിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതി സ്ഥിരമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കറങ്ങി നടന്ന് രോഗികൾ, കൂട്ടിരുപ്പുകാർ എന്നിവരോട് ആശുപത്രിയിലെ ജീവനക്കാരനാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് സൗഹൃദം സ്ഥാപിക്കും. തുട‌ർന്ന് അവരുടെ സ്വർണവും പണവും കവരുകയാണ് ചെയ്യുന്നത്. മോഷണമുതൽ ചാലയിലെ കടകളിൽ കൊണ്ട് പോയി വിൽക്കും. ലഭിക്കുന്ന പണം ആർഭാട ജീവിത്തതിനാണ് ഉപയോഗിച്ചിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്‌തു.