inter-state-athletics

ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിന്റെ ആദ്യ ദിനം കേരളത്തിന് നാല് സ്വർണമടക്കം ആറ് മെഡലുകൾ

# സ്വർണം നേടിയത് ബി. സൗമ്യ, ആതിര സോമരാജ്, ജെസൺ എന്നിവരും മിക്‌സഡ് റിലേ ടീമും.

# എബിൻ സണ്ണിക്കും ലിബിയ ഷാജിക്കും വെള്ളി

# 5000 മീറ്ററിൽ ജി. ലക്ഷ്മണും 200 മീറ്ററിൽ അർച്ചന സുശീന്ദ്രനും ജേതാക്കൾ

ലക്നൗ : പി.എ.സി സ്റ്റേഡിയത്തിൽ ഇന്നലെ തുടങ്ങിയ ദേശീയ സീനിയർ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണവുമായി കേരളത്തിന്റെ കുതിപ്പ്. രണ്ട് വെള്ളിയുമുൾപ്പെടെ ആറ് മെഡലുകളാണ് ആദ്യ ദിനം കേരളം സ്വന്തമാക്കിയത്.

വനിതകളുടെ 20 കി.മീ നടത്തത്തിൽ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ബി. സൗമ്യയാണ് കേരളത്തിനായി ആദ്യ സ്വർണം നേടിയത്. ഒരു മണിക്കൂർ 46.19 സെക്കൻഡിലാണ് സൗമ്യ ഫിനിഷ് ചെയ്തത്. ഉത്തർ പ്രദേശിന്റെ പ്രിയങ്ക ഗോസ്വാമി രണ്ടാം സ്ഥാനവും രാജസ്ഥാന്റെ സോനാൽ സുഖ്‌‌പാൽ മൂന്നാം സ്ഥാനവും നേടി.

പുരുഷൻമാരുടെ പോൾവാട്ടിലും വനിതകളുടെ ഹൈജമ്പിലും ഒന്നും രണ്ടും സ്ഥാനങ്ങൾ കേരളത്തിനായിരുന്നു. പോൾവാട്ടിൽ 4.90 മീറ്റർ ചാടി കെ.ജെ. ജെസൻ സ്വർണം നേടിയപ്പോൾ 4.80 മീറ്റർ ചാടിയ എബിൻ സണ്ണിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഹൈജമ്പിൽ 1.76 മീറ്റർ ചാടിയാണ് ആതിര സോമരാജ് സ്വർണത്തിലെത്തിയത്. ഇതേ ഉയരം തന്നെ ക്ളിയർ ചെയ്ത ലിബിയ ഷാജി ചാൻസുകൾ കൂടുതലെടുത്തതിനാൽ രണ്ടാമതായി.

സി. കണ്ണൻ, സയോന പി.ഒ, ശ്രുതിമോൾ രാജേന്ദ്രൻ, എൻ.എച്ച്. ഫായിസ് എന്നിവരടങ്ങിയ ടീമാണ് മിക്സഡ് റിലേയിൽ 3 മിനിട്ട് 31.62 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയത്.

പുരുഷന്മാരുടെ 5000 മീറ്ററിൽ തമിഴ്നാടിന്റെ ജി. ലക്ഷ്മൺ സ്വർണം നേടി. വനിതകളുടെ 5000 മീറ്ററിൽ യു.പിയുടെ പരുൾ ചൗധരിക്കാണ് സ്വർണം. ദ്യുതി ചന്ദ് മത്സരിക്കാൻ ഇല്ലാതിരുന്നതിനാൽ ഗ്ളാമർ കുറഞ്ഞ വനിതകളുടെ 200 മീറ്ററിൽ തമിഴ്നാടിന്റെ അർച്ചന സുശീന്ദ്രൻ സ്വർണം നേടി.