നെയ്യാറ്റിൻകര :ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് രണ്ടു ലക്ഷം രൂപയ്ക്കുള്ള പച്ചക്കറി വിത്ത്, പച്ചക്കറി തൈ, ജൈവവളം, ജൈവകീടനാശിനി, ഗ്രോബാഗ് തുടങ്ങിയവ അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് നെല്ലിമൂട് വനിത സഹകരണ സംഘം വാർഷിക പൊതുയോഗം തീരുമാനിച്ചു. മാതൃക ജൈവ പച്ചക്കറി തോട്ടങ്ങൾ
ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അംഗങ്ങളുടെയും ആശ്രിതരുടെയും ചികിത്സാ ചെലവുകൾക്കായി അഞ്ചുലക്ഷം രൂപ നീക്കിവയ്ക്കും. 6,89,00,000 രൂപ വരവും 6,71,00,000 രൂപ ചെലവും 18 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പാസാക്കി. വാർഷിക പൊതുയോഗം ജമീലാപ്രകാശം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള കാഷ് അവാർഡുകൾ കെ.ആൻസലൻ എം.എൽ.എ വിതരണം ചെയ്തു. ജൈവപച്ചക്കറി കൃഷിക്കാരെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. ജീവൻ രക്ഷാനിധിയിൽ നിന്നുള്ള ചികിത്സാസഹായം നെല്ലിമൂട് പ്രഭാകരൻ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് എൻ.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. വി.രത്‌നരാജ്, ആർ.ലീല, ജി.ലീലാഭായി, എസ്.നന്ദിനി, ജി.എൽ.പ്രഭ, ആർ.ശകുന്തള, അഡ്വ.ലളിതാബായി തുടങ്ങിയവർ പങ്കെടുത്തു.