ganja-case

കൊച്ചി: മൂന്നര കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കാട്ടാളൻ അൻസാർ എന്നറിയപ്പെടുന്ന കാക്കനാട് കല്ലുകുഴിക്കൽ അൻസാർ (41)കൂട്ടാളി കാക്കനാട് നവോദയ ജംഗ്ഷനിൽ പീടികക്കുടിയിൽ സുബാഷ് (35) എന്നിവരാണ് അഴിക്കുള്ളിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാറുകളിൽ ഏജന്റുമാർക്ക് കഞ്ചാവ് എത്ത് നൽകി വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്.


പെരുമ്പാവൂരിൽ വർഷങ്ങളായി എക്‌സൈസിനേയും പൊലിസിനേയും കബളിപ്പിച്ച് കഞ്ചാവു കച്ചവടം നടത്തിയിരുന്നയാളാണ് അൻസാർ. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. അൻസാറും കൂട്ടാളിയും കഞ്ചാവുമായി വരുന്നെന്ന വിവരത്തെ തുടർന്ന് പെരുമ്പാവൂർ ഓടക്കാലിയ്ക്കടുത്തുള്ള ചെറുകുന്നം ഭാഗത്ത് വച്ച് എക്‌സൈസ് നാർക്കോട്ടിക്ക് സ്‌ക്വാഡ് വാഹനം തടഞ്ഞെങ്കിലും വെട്ടിച്ച് മുന്നോട്ട് പോയി. ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.


തമിഴ്‌നാട് കമ്പത്തു നിന്നും ബസ് മാർഗം മധുരയിലെത്തി അവിടെ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് ആലുവയിലെത്തിക്കും. തുടർന്ന് കാറുമാർഗം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാർക്ക് കൈമാറുന്നതാണ് രീതി. ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്. രജ്ഞിത്തിന്റെ നിയന്ത്രണത്തിലുള്ള നാർക്കോട്ടിക്ക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.സുരേഷ്, ഇൻസ്‌പെക്ടർ ശ്രീരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.