ആലുവ: എ.എസ്.ഐയുടെ മരണത്തിൽ ആരോപണവിധേയനായ തടിയിട്ടപറമ്പ് എസ്.ഐക്കെതിരെ മുൻ എൻ.എസ്.ജി കമാൻഡോയും രംഗത്ത്. എസ്.ഐ അസഭ്യം പറയുകയും, കള്ളകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചാലക്കുടി സ്വദേശി സെബാസ്റ്റ്യൻ പറഞ്ഞു. ഐ.പി. എസ് അക്കാദമിയിലെ കായിക അദ്ധ്യാപകനും, കാർഗിലിലടക്കം വിവിധ ദൗത്യങ്ങളിൽ പങ്കാളിയുമായിരുന്ന ജവാനായിരുന്നു സെബാസ്റ്റ്യൻ. സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി മേധാവിയായ സെബാസ്റ്റ്യൻ നടത്തുന്ന കാന്റീൻ ഒഴിപ്പിക്കാനായി ചിലർ തല്ലിത്തകർത്ത് ജീവനക്കാരെ മർദ്ദിച്ചത് സംബന്ധിച്ച് പരാതി നൽകാനാണ് തടിയിട്ടപറമ്പ് സ്റ്റേഷനിലെത്തിയത്.
അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ എടാ ,പോടാ വിളികളോടെ എസ്.ഐ തട്ടിക്കയറി. പിന്നീട് പരാതിയുമായി ചെന്നപ്പോഴും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. എസ്.ഐ രാജേഷിനെതിരെ പീഡനമാരോപിച്ചാണ് എ.എസ് ഐ ബാബു ആത്മഹത്യ ചെയ്തതെന്നന്നറിഞ്ഞതോടെയാണ് ഒരു മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് സെബാസ്റ്റ്യൻ ഇപ്പോൾ പരാതിയുമായെത്തിയത്. കാന്റീൻ അക്രമണത്തിൽ എഫ്.ഐ.ആർ തയ്യാറാക്കാൻ ആദ്യമെത്തിയത് ആത്മഹത്യ ചെയ്ത എ.എസ്.ഐ ബാബുവായിരുന്നു. അക്രമികൾക്കെതിരെ പണം കവർന്നതിനടക്കം വകുപ്പുകൾ ചേർത്ത ബാബുവിനോട് എസ്.ഐ തട്ടിക്കയറിയതായും സെബാസ്റ്റ്യൻ ഓർക്കുന്നു. ഈ കേസ് ഇപ്പോഴും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സെബാസ്റ്റ്യൻ പറയുന്നു.