crime

ചെന്നൈ: മേലുദ്യോഗസ്ഥനെ കൊന്നശേഷം സൈനികൻ ജീവനൊടുക്കി. തമിഴ്നാട്ടിലെ പല്ലാവരത്തുളള കരസേനാ ക്യാമ്പിലാണ് സംഭവം. കരസേനയിൽ ഹവിൽദാറായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രവീൺകുമാർ ജോഷിയെ (39) ആണ് റൈഫിൾമാനായ പഞ്ചാബ് സ്വദേശി ജഗ്‌സീർ സിംഗ് വെടിവച്ചത്. പ്രവീൺകുമാറിനെ വെടിവച്ചശേഷം ജഗ്‌സീർ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

ക്യാമ്പിൽ കാവലിന് നിയോഗിക്കപ്പെട്ട ജഗ്‌സീർ സിംഗിനെ ജോലിക്കെത്താൻ താമസിച്ചതിന്റെയും ജാഗ്രതക്കുറവ് കാണിച്ചതിന്റെയുംപേരിൽ പ്രവീൺകുമാർ ശാസിച്ചിരുന്നു. ശിക്ഷയായി പിന്നിലേക്ക് കരണംമറിഞ്ഞുചാടാനും നിർദേശം നൽകി. പിന്നീട് മുറിയിൽ ഉറങ്ങിക്കിടക്കവേ പ്രവീൺകുമാറിനുനേരെ ജഗ്‌സീർ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ പ്രവീൺകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.കൃത്യത്തിനുശേഷം ജഗ്‌സീർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റുസൈനികർ സ്ഥലത്തെത്തിയതോടെ ജീവനൊടുക്കുകയായിരുന്നു. നുങ്കംപാക്കത്തുളള സൈനിക ആശുപത്രിയിൽ ഇരുവരുടെയും പോസ്റ്റുമോർട്ടം നടത്തി. പല്ലാവരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുമ്പും പ്രവീൺകുമാറും ജഗ്‌സീറും പലതവണ തർക്കമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.