കൊച്ചി: പ്രമുഖ മൊബൈൽ സേവനദാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും. പശ്ചിമബംഗാൾ ഹാൽദിയ സ്വദേശികളായ അമിതാഭ മാലിക്ക് (30), ഇയാളുടെ സഹോദരനും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ അരുണാഭ മാലിക്ക് (19) എന്നിവരെയാണ് സൈബർ പൊലീസിന്റെ പിടിയിലായത്. വിമുക്തഭടനായ പൂച്ചാക്കൽ സ്വദേശി പ്രവീണിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രവീണിൽ നിന്നും 2,57,000 രൂപയാണ് പ്രതികൾ തട്ടിയത്. പൂച്ചാക്കൽ പൊലീസിന് നൽകിയ പരാതി സൈബർ കുറ്റകൃത്യമായതിനാൽ സൈബർ സെല്ലിന് കൈമാറുകയായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികൾ നിലവിൽ റിമാൻഡിലാണ്.
അമിതാഭ മാലിക് ആണ് വ്യാജ വെബ്‌സൈറ്റ് നിർമിക്കുകയും അതിലൂടെ ലക്ഷങ്ങൾ തട്ടുകയും ചെയ്തത്. അതിനാൽ അമിതാഭ് മാലിക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി ഉടൻ കസ്റ്റഡിയിൽ വാങ്ങും. അരുണാഭ് മാലിക്കിനെ പിന്നീടായിരിക്കും കസ്റ്റഡിൽ വാങ്ങുക. തട്ടിയെടുത്ത പണമുപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകൾ വാങ്ങുന്നതിനാണ് സഹോദരൻ അരുണാഭ മാലിക് കൂട്ടുനിന്നിട്ടുള്ളത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അരൂർ, മട്ടാഞ്ചേരി ബ്രാഞ്ചുകളിൽ നിന്നും പണം നഷ്ടപ്പട്ടതായുള്ള സന്ദേശം പ്രവീണിന് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒ.ടി.പി. സന്ദേശം ലഭ്യമാകാത്തതിനെ തുടർന്ന് ബാങ്കിനെ സമീപിച്ചെങ്കിലും പൊലീസുമായി ബന്ധപ്പെടാൻ അറിയിക്കുകയായിരുന്നു. ഓൺലൈൻ ബാങ്കിംഗിലെ പ്രശ്മനമാകാം പണം നഷ്ടപ്പെടാൻ കാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.പിന്നീട് സൈബർ സിഐ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ നഷ്ടപ്പെട്ട പണം ഓൺലൈൻ വ്യാപാരസൈറ്റായ സ്നാപ്പ്ഡീലിലേയ്ക്കാണ് വിനിമയം ചെയ്തതെന്ന് വ്യക്തമായി. പ്രവീണിനെ നേരിട്ട് വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കിയപ്പോൾ പണം തട്ടിപ്പിനായി വ്യാജമായി സൃഷ്ടിച്ച വെബ്‌സൈറ്റിൽ അദ്ദേഹം സന്ദർശിച്ചിരുന്നതായും വ്യാജ വെബ്‌സൈറ്റിൽ ഓഫർ ചെയ്യുന്നതിനായി പ്രവീൺ ലോഗിൻ ചെയ്യാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തി.
പണം ഇടപാടിലൂടെ ഓൺലൈൻ വ്യാപാര സൈറ്റുകളുടെ ഗിഫ്റ്റ് വൗച്ചറുകളും പ്രതികൾ സ്വന്തമാക്കിയിരുന്നു.
പ്രതികളിൽ നിന്നും 28 മൊബൈൽ ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തു.കഴിഞ്ഞ വർഷം ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പശ്ചിമബംഗാളിലെ ഹാൽദിയയിൽ ഉണ്ടെന്നു കണ്ടെത്തുകയും കൊച്ചി റേഞ്ച് സൈബർ പൊലീസ് സ്റ്റേഷൻ എസ്‌ഐ റഷീദിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം ഹാൽദിയയിൽ എത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.