തിരുവനന്തപുരം: തകരപ്പറമ്പിൽ വഴിയാത്രക്കാരിയുടെ മൂന്നുപവൻ മാല പൊട്ടിച്ചശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ അരമണിക്കൂറിനകം ഫോർട്ട് പൊലീസ് തൊണ്ടി സഹിതം പൊക്കി. നിരവധി മാല മോഷണക്കേസുകളിൽ പ്രതിയെന്ന് സംശയിക്കുന്ന റോബിനാണ് പിടിയിലായത്. ഇന്ന് രാവിലെ 8 മണിയോടെ തകരപ്പറമ്പിന് സമീപത്ത് വച്ചാണ് വഴിയാത്രക്കാരിയായ 64 കാരിയുടെ മാലപൊട്ടിച്ചത്. വൃദ്ധയ്ക്ക് പിന്നാലെ നടന്നുവന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാലപൊട്ടിച്ച് ഓടുകയായിരുന്നു. വൃദ്ധയുടെ നിലവിളികേട്ട് ഓടിക്കൂടിയ വഴിയാത്രക്കാർ വിവരം പൊലീസിനെ അറിയിച്ചു. വസ്ത്രത്തിന്റെ നിറമുൾപ്പെടെ മോഷ്ടാവിനെപ്പറ്റിയുള്ള വിവരങ്ങൾ വൃദ്ധയിൽ നിന്ന് ചോദിച്ചറിഞ്ഞ പൊലീസ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ മുഖേന സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സന്ദേശം കൈമാറി. ഷാഡോ സംഘങ്ങളുൾപ്പെടെ മോഷ്ടാവിനായി തെരച്ചിൽ നടത്തുന്നതിനിടെ എസ്. പി ഫോർട്ട് ആശുപത്രിക്ക് സമീപത്ത് നിന്ന് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാലയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൃദ്ധയുടെ മൊഴിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു.