narendra-modi

തിരുവനന്തപുരം: മോദി സ്തുതിയുടെ പേരിൽ കൊമ്പുകോർത്ത് കെ.പി.സി.സിയും തരൂരും. തിരുവനന്തപുരം എം.പി ശശിതരൂരോ തരൂരിനെതിരെ വാളോങ്ങിയ കെ.പി.സി.സിയോ ജയിക്കുക എന്ന കാര്യത്തിലെ സംശയം തീരണമെങ്കിൽ ഇനി ഹൈക്കമാൻഡ് പ്രതികരിക്കണം. മോദിയെ അന്ധമായി എതിർക്കുന്നതിൽ കാര്യമില്ലെന്ന മുൻ കേന്ദ്ര മന്ത്രി ജയറാം രമേശിന്റെയും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌‌വിയുടെയും വാദത്തിന് ചുവട് പിടിച്ചതാണ് ശശിതരൂരിനെതിരെ തിരിയാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. തന്നെ വിമർശിക്കാൻ വരേണ്ടെന്ന് രമേശ് ചെന്നിത്തലയ്ക്ക് മറുപടി കൊടുത്തതോടെ രണ്ടും കല്പിച്ചു തന്നെയാണ് തരൂർ നിൽക്കുന്നതെന്ന് കോൺഗ്രസുകാർ കരുതുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലും കോൺഗ്രസുകാരിൽ ചിലരെങ്കിലും തരൂരിനോടൊപ്പമുണ്ട്. ഏതായാലും തരൂരിനോട് വിശദീകരണം ചോദിക്കാൻ കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. തരൂർ തരുന്ന വിശദീകരണം ഹൈക്കമാൻഡിനെ അറിയിക്കുമെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്. എന്നാൽ കെ.പി.സി.സിയുടെ വിശദീകരണത്തിന് തരൂർ മറുപടി തന്നെ നൽകുമോ എന്ന് കണ്ടറിയണം. ഇനി ഇക്കാര്യത്തിൽ എന്തെങ്കിലും പറയേണ്ടത് ഹൈക്കമാൻഡാണ്.

രണ്ടുംകല്പിച്ചാണ് തരൂർ നിൽക്കുന്നതെന്നാണ് കേരളത്തിലെ കോൺഗ്രസുകാർ പറയുന്നത്. എന്നാൽ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ കൂടെയുണ്ടോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. അതേ സമയം തരൂരിന്റെ പരാമർശങ്ങളെതുടർന്ന് കേരളത്തിലെ കോൺഗ്രസുകാരുടെ മനസിന് മുറിവേറ്രതായാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്. കേരളത്തിലെ മറ്രെല്ലാ എം.പിമാരും അദ്ദേഹത്തിന്റെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. തരൂരിന്റെ പ്രസ്താവന പാർട്ടിക്ക് ഗുണകരമാവില്ല. അതുകൊണ്ടാണ് വിശദീകരണം ചോദിച്ചതെന്നും മുല്ലപ്പള്ളി പറയുന്നു.

തന്റെ പേരിലുള്ള കേസിനെ ഭയന്നാണ് ശശിതരൂർ ബി.ജെ.പിയുമായി അടുക്കുന്നതെന്ന കേരളത്തിലെ പ്രമുഖരുമായി അടുപ്പമുള്ളവർ പ്രചരിപ്പിക്കുമ്പോൾ അത് തികച്ചും തള്ളുന്ന രീതിയിലാണ് തരൂരിന്റെ മറുപടി. കോൺഗ്രസിനെ ജയിക്കുന്ന പാർട്ടിയാക്കി മാറ്രാൻ തന്ത്രങ്ങൾ മെനയുകയാണ് വേണ്ടത്. തന്റെയത്ര മോദിയെ വിമർശിച്ചയാരുമില്ല. ബി.ജെ.പിയുടെ വോട്ട് ശതമാനം 31 ശതമാനത്തിൽ നിന്ന് 37 ശതമാനമാക്കാൻ മോദിക്ക് കഴിഞ്ഞു. മോദി പലതും ചെയ്യുന്നുണ്ടെന്നാണ് വോട്ടർമാർ കരുതുന്നത്. അതംഗീകരിച്ച് അതിലെ പരിമിതികൾ ചൂണ്ടിക്കാട്ടുകയാണ് നാം ചെയ്യേണ്ടത്. കോൺഗ്രസും മതേതര പാർട്ടികളും യോജിച്ചു നിന്നാലെ മോദിയെ തോല്പിക്കാൻ കഴിയൂ. ഇതിന് കോൺഗ്രസ് വോട്ടർമാരുടെ മാത്രം പിന്തുണ പോരാ. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിൽ മോദിക്ക് വോട്ട് ചെയ്തവരെ തിരികെ കൊണ്ടുവരാൻ കഴിയണം. മോദിയെ വിമർശിച്ചതിന് എനിക്കെതിരെ മൂന്ന് കേസുകളാണ് എടുത്തത്. അത് ഒരംഗീകാരമായി കരുതി എന്നെ അഭിനന്ദിക്കുകയാണ് വേണ്ടത് അല്ലാതെ എന്നെ കുറ്രപ്പെടുത്തുകയല്ല വേണ്ടതെന്നും തരൂർ പറയുന്നു.