ലോകത്തെ വിചിത്ര മ്യൂസിയങ്ങളിൽ ഒന്നാണ് ജപ്പാനിലെ ടോക്കിയോയിൽ സ്ഥിതി ചെയ്യുന്ന 'ചിൻസെകികൻ '. അമേരിക്കൻ ഗായകൻ എൽവിസ് പ്രിസ്‌ലി, ഡിസ്‌നിയുടെ കഥാപാത്രങ്ങളായ മിക്കി മൗസ്, നെമോ, സ്റ്റീവൻ സ്‌പീൽബർഗിന്റെ സയൻസ് ഫിക്ഷൻ സിനിമയായ ഇ.ടി ദ എക്സ്ട്രാ ടെറസ്ട്രിയൽ എന്ന ചിത്രത്തിലെ അന്യഗ്രഹ ജീവിയായ ഇ.ടി, ഹോളിവുഡ് നടൻ ജോണി ഡെപ്പ്, ഹാരിപോർട്ടറിലെ വോൾഡമോർട്ട് മന്ത്രവാദി, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അങ്ങനെ നിരവധി പ്രമുഖരെ ഇവിടെ കാണാൻ സാധിക്കും. പക്ഷേ, കല്ലിന്റെ രൂപത്തിലാണെന്ന് മാത്രം!
പ്രശസ്‌ത വ്യക്കളുമായി മുഖസാമ്യമുള്ള 1,700 കല്ലുകളാണ് ഇവിടെയുള്ളത്. ഷോസോ ഹയാമ എന്നയാളാണ് ഈ മ്യൂസിയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ഏകദേശം 50 വർഷത്തോളം ചെലവഴിച്ചാണ് ഇദ്ദേഹം ഇത്രയും കല്ലുകൾ ശേഖരിച്ചത്. ഷോസോ ഹയാമ തന്റെ 90ാം വയസിലും തന്റെ ഹോബി തുടർന്നിരുന്നു. ഷോസോ ഹയാമയുടെ മകളായ യോഷിക്കോ ഹയാമയാണ് ഇപ്പോൾ ഈ മ്യൂസിയം നോക്കി നടത്തുന്നത്. തന്റെ പിതാവിനെ പോലെ തന്നെ ഇവരും കല്ല് ശേഖരണം ഹോബിയാക്കി മാറ്റിയിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ളവർ തനിക്ക് ഇത്തരം കല്ലുകൾ അയച്ചു നൽകാറുണ്ടെന്ന് ഇവർ പറയുന്നു. മനുഷ്യരുടെ മുഖത്തോട് സാമ്യമുള്ള കല്ലുകളെ കൂടാതെ ജീവികളുമായി രൂപ സാദൃശ്യമുള്ള കല്ലുകളും ഇവിടെ കാണാൻ സാധിക്കും.
എല്ലാ കല്ലുകൾക്കൊപ്പം സാമ്യമുള്ള വ്യക്തിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചിലതിന് പേരില്ല. അത്തരം കല്ലുകൾക്ക് നാമകരണം ചെയ്യാൻ അതിഥികളെ ക്ഷണിക്കാറുണ്ട്. നിരവധി സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് ഇവിടം.